പത്തനംതിട്ട: ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി നവംബര്‍ 10നുമുമ്പ് വിവിധ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടനത്തിന് പൂര്‍ണസജ്ജമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നവംബര്‍ 10ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച പരിശോധന നടത്തും. 2023-24 കാലയളവിലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്താൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സുരക്ഷിത തീര്‍ഥാടന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. എല്ലാ തീര്‍ഥാടകര്‍ക്കും മികച്ച ദര്‍ശനാനുഭവം ഉറപ്പാക്കും. പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ഥാടനപാതയില്‍ അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
തീര്‍ഥാടകരില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മിഷന് ഗ്രീന്‍ ശബരിമല പദ്ധതി തുടരും. തീര്‍ഥാടക വാഹനങ്ങള്‍ക്ക് സുഗമ സഞ്ചാരമൊരുക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇലവുങ്കല്‍ ആസ്ഥാനമാക്കി സേഫ് സോണ്‍ പദ്ധതി നടപ്പാക്കും. പൊലീസ് വകുപ്പും അഗ്നിരക്ഷാസേനയും ആറ് ഘട്ടങ്ങളിലായി സേനയെ വിന്യസിക്കും.അഗ്നിരക്ഷാസേനയുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂബ ഡൈവിങ് ടീമിന്റെ സേവനം ഉറപ്പാക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴില്‍ 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കും. തീര്‍ഥാടന കാലയളവിലെ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും വിലവിവരപ്പട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഭക്ഷ്യവിഷബാധ തടയാനും വേണ്ട നടപടി സ്വീകരിക്കുകയും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയും ചെയ്യും. വനം വകുപ്പിന്റെ കീഴില്‍ പമ്പ-ശബരിമല ഓഫ്-റോഡ് ആംബുലന്‍സ് തീര്‍ഥാടകര്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പുവരുത്തുമെന്നും ഇടത്താവളങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ നിർദേശാനുസരണം മെഡിക്കല്‍ യൂനിറ്റിനെ നിയോഗിക്കുമെന്നും യോഗത്തില്‍ പറഞ്ഞു.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്നേക്ക്, എലഫന്റ് സ്ക്വാഡുകള്‍ സജ്ജമാക്കും. ആന്റി വെനം ലഭ്യത ഉറപ്പുവരുത്തും. കാട്ടുപന്നി ആക്രമണം തടയാൻ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നിലവില്‍ 68 പന്നികളെ പിടികൂടി ഉള്‍വനത്തില്‍ തുറന്നുവിട്ടിട്ടുണ്ട്. വനപാതകളിലും അപകടസാധ്യത ഏറിയ മേഖലകളിലും ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് കവറേജ് ഉറപ്പുവരുത്തുമെന്നും യോഗത്തില്‍ തീരുമാനമായി. ജില്ല കലക്ടര്‍ എ. ഷിബു, ജില്ല പൊലീസ് മേധാവി വി. അജിത്ത്, എ.ഡി.എം ബി. രാധാകൃഷ്ണന്, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.