പത്തനംതിട്ട: അവധിക്കാലം ആരംഭിച്ചെങ്കിലും അധ്യാപകർക്ക് വിശ്രമമില്ല. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ കഴിഞ്ഞദിവസം ആരംഭിച്ചു. മുൻകാലങ്ങളിലേതുപോലെ ശുഭകരമല്ല ക്യാമ്പുകളിലെ സ്ഥിതി. കൊടുംവരൾച്ചയിൽ കുടിവെള്ളംപോലും പലയിടത്തും ലഭ്യമല്ല. ഇതോടൊപ്പം അത്യുഷ്ണം സഹിച്ചാണ് പേപ്പറുകൾ പരിശോധിക്കുന്നത്. ജോലിഭാരം ഇരട്ടിച്ചെങ്കിലും പ്രതിഫലത്തിലെ കുറവ് അധ്യാപകരെ അസ്വസ്ഥരാക്കുന്നു. ഹയർ സെക്കൻഡറി അധ്യാപകർക്ക് കഴിഞ്ഞവർഷത്തെ മൂല്യനിർണയത്തിൽ പങ്കെടുത്തതിന്റെ വേതനംപോലും ലഭിച്ചിട്ടില്ല.
പത്താം ക്ലാസ് പേപ്പറുകൾ പരിശോധിക്കുന്നവർക്കും ജോലി ഭാരം ഇരട്ടിച്ചു. അതിനനുസൃതമായി വേതനം നൽകുന്നില്ല. ലീവ് സറണ്ടർ ആനുകൂല്യം എടുത്തു കളഞ്ഞതോടെ അവധിക്കാല ജോലിക്ക് എത്തുന്നവർക്ക് തുച്ഛമായ ഡി.എ മാത്രമാണ് ലഭിക്കുന്നത്.
ഹയർ സെക്കൻഡറി പരീക്ഷയിൽ ഇരട്ടമൂല്യനിർണയം നടത്തേണ്ട ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഇരട്ടമൂല്യനിർണയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇക്കുറി അധ്യാപകർക്ക് ഭാരിച്ച ജോലിയാണ്. മൂന്ന് വിഷയങ്ങളിലെയും ഉത്തരക്കടലാസുകളുടെ ഫ്രണ്ട് ഷീറ്റ് മാറ്റുകയും ഫോൾസ് നമ്പറിട്ട് രണ്ടു നമ്പറുകളും ബുക്കിലെഴുതുകയും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടാണ് മൂല്യനിർണയത്തിന് അയക്കേണ്ടത്. 175 പേപ്പറാണ് ഒരുദിവസം ഒരാൾ ചെയ്യേണ്ടത്. കഴിഞ്ഞവർഷം ഇത് 400 പേപ്പറായി ഉയർത്തിയത് വൻ പ്രതിഷേധത്തിനു വഴിതെളിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിക്കൊപ്പമാണ് ജോലിയും ചെയ്തത്.
എസ്.എസ്.എസ്.എൽ.സി കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ജില്ലയിൽ അഞ്ചെണ്ണമാണ്. തിരുവല്ല ഡി.ബി.എച്ച്.എസ്.എസ് (ഹിന്ദി, സോഷ്യൽ സയൻസ്), ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് (ഫിസിക്സ്, മലയാളം - ഒന്ന്), കോഴഞ്ചേരി ഗവ. എച്ച്.എസ്.എസ് (ഇംഗ്ലീഷ്, ബയോളജി), മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ് (കെമിസ്ട്രി, ഫിസിക്സ്), റാന്നി എം.എസ്.എച്ച്.എസ്.എസ് (മലയാളം - രണ്ട്, ഗണിതശാസ്ത്രം) എന്നീ വിഷയങ്ങളുടെ ക്യാമ്പുകളുണ്ടാകും. കണക്ക്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 24 പേപ്പറുകളാണ് ഒരു അധ്യാപകൻ നോക്കേണ്ടത്. മറ്റ് വിഷയങ്ങളുടെ 36 പേപ്പറും നോക്കണം.
ഹയർ സെക്കൻഡറിയിൽ പത്തനംതിട്ട ജില്ലയിൽ നാല് കേന്ദ്രങ്ങളിലാണ് മൂല്യനിർണയം നടത്തുന്നത്. പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്, കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസ്, അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് ജില്ലയിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ. ഇതിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ് ഇരട്ട മൂല്യനിർണയ കേന്ദ്രമാണ്. ഹയർ സെക്കൻഡറിയിൽ ഒരാൾ 30 പേപ്പറാണ് ഒരുദിവസം മൂല്യനിർണയം നടത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.