പത്തനംതിട്ട: മധ്യവേനലവധിക്ക് വിടപറഞ്ഞ് സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പുത്തനുടുപ്പും ബാഗും കുടയുമെല്ലാം വാങ്ങാനുള്ള തിരക്കിലാണ് രക്ഷിതാക്കളും കുട്ടികളും. നോട്ട് ബുക്ക്, ബാഗ്, കുട, ചെരിപ്പ്, പെൻസിൽ, പേന, യൂനിഫോം തുടങ്ങി റെയിൻ കോട്ടിനടക്കം മികച്ച വിൽപ്പനയാണ് നടക്കുന്നത്. മിക്ക ഇനങ്ങൾക്കും ഇത്തവണ 15-20 ശതമാനം വരെ വില വർധിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാണ്. നോട്ട് ബുക്കുകൾക്ക് 5 - 10 രൂപ വരെ വില കൂടിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വിപണിയിൽ വിലകൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ജീവിതച്ചെലവ് ദിനേന വർധിക്കുമ്പോഴാണ് സ്കൂൾ വിപണിയും കുടുംബങ്ങളെ പൊളളിക്കുന്നത്. രണ്ട് കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങാൻ മാത്രം കുറഞ്ഞത് 7000 രൂപയെങ്കിലും വേണ്ടി വരും. സ്കൂളുകൾ നൽകുന്ന യൂനിഫോമുകൾക്കും വില ഉയർന്നിട്ടുണ്ട്. പൊതു വിപണിലെ വില വർധനവ് കാരണം ആളുകൾ കൂടുതലായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൺസ്യൂമർ ഫെഡിന്റെ വിപണന മേളകളും സജീവമാണ്.
നോട്ടുബുക്കുകളുടെ വിപണി വില 30 രൂപ മുതൽ 65 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഒരു സാദാ സ്കൂൾ ബാഗിന് 350 രൂപ വരെയാണ് ഇപ്പോൾ വില. ബ്രാൻഡഡ് ബാഗുകൾക്ക് 2500 രൂപ വരെയാണ് വില. കുടകളുടെ തരം അനുസരിച്ച് 400 മുതൽ 1500 രൂപ വരെ വരുന്നുണ്ട്.
അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്ക് മുകളിലാണ് വില. കുട്ടികളുടെ മഴക്കോട്ടുകൾക്ക് 200 രൂപ മുതലാണ്. ഇൻസ്ട്രുമെന്റ് ബോക്സിന് 75- 250 രൂപ. പുസ്തകങ്ങൾ പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് 100 രൂപ.
കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകളാണ് സ്കൂൾ വിപണിയിലെ താരം. പെൻസിൽ ബോക്സുകൾക്ക് 100 രൂപ മുതലും നോട്ട് ബുക്ക് ചെറുതിന് 25 രൂപ മുതലുമാണ് വില. കൂടാതെ റെയിൻ കോട്ട്, ഷൂസ്, ചെരിപ്പ്, ലഞ്ച് ബോക്സ് എന്നിവ വാങ്ങാനും തിരക്കുണ്ട്.
സ്പൈഡർമാന്റെയും ഡോറയുടെയും ബാർബിയുടെയും ചിത്രങ്ങൾ പതിച്ച ബാഗുകൾ, കുടകൾ, സൈഡ് ബാഗുകൾ, ക്രോക്സിന്റെ ചെരിപ്പ് തുടങ്ങി കാലൻകുടവരെ എത്തിനിൽക്കുന്നതാണ് ഇത്തവണത്തെ സ്കൂൾ വിപണി. യു.പി, ഹൈസ്കൂൾ ക്ലാസ് മുതലുള്ള കുട്ടികൾക്ക് അല്പം വലുപ്പം കൂടിയ വ്യത്യസ്ത ഡിസൈനുകളുള്ള ബാക്ക് പാക്ക് ബാഗുകളോടാണ് താത്പര്യം.
മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് വിവിധ ബ്രാൻഡുകളുടെ ബാക്ക് പാക്ക് ബാഗുകൾ, സൈഡ് ബാഗുകൾ എന്നിവയാണ് ആവശ്യം. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് വർണ കുടകളോടാണ് പ്രിയം. യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് ത്രീഫോൾഡ് കുടകളാണ് രക്ഷിതാക്കൾ കൂടുതലും വാങ്ങുന്നത്. ടു ഫോൾഡ് കുടകൾക്ക് വലിയ ഡിമാൻഡില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. കോളജിൽ പഠിക്കുന്ന കുട്ടികൾക്ക് കൂടുതലും കാലൻകുടകളോണ് താൽപര്യം.
കൂടുതൽ ആവശ്യക്കാരുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്ക് 300 രൂപ മുതൽ വില തുടങ്ങുന്നു. മഴക്കാലം തുടങ്ങുന്നതിനാൽ ചൂടുനിൽക്കുന്ന വാട്ടർ ബോട്ടിലിനാണ് കൂടുതൽ ചെലവ്. 350 മില്ലിലിറ്റർ, 500 മില്ലിലിറ്റർ, 750 മില്ലിലിറ്റർ, ഒരു ലിറ്റർ എന്നിങ്ങനെയുള്ള അളവുകളിൽ വാട്ടർ ബോട്ടിലുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.