വടശ്ശേരിക്കര: കനത്ത ചൂടിൽ നട്ടം തിരിയവെ കിഴക്കൻ മേഖലയിൽ പെയ്ത അപ്രതീക്ഷിത മഴ ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തി. ഗവി റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെടുകയും വനമേഖലയിൽ മേഘസ്ഫോടനവും ഉരുൾപൊട്ടൽ ഉണ്ടായതായും വാർത്ത പരക്കുകയും ചെയ്തതോടെ മറ്റൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്കയും നദീതീരത്തെ ജനങ്ങൾക്കിടയിൽ ഉണ്ടായി.
ജനവാസ മേഖലയിൽ വെള്ളിയാഴ്ച ഉച്ചവരെ കടുത്ത വേനലായിരുന്നെങ്കിലും വൈകീട്ടോടെ ജലസംഭരണികൾ നിറഞ്ഞുകവിഞ്ഞതിനാൽ തുറന്നുവിടുമെന്ന അറിയിപ്പ് വന്നത് ആളുകളിൽ ഭീതിയുണ്ടാക്കി. ലഘു മേഘവിസ്ഫോടനം നടന്നെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കക്കിയിൽ 22.5 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 16 സെന്റിമീറ്ററും ആങ്ങമൂഴിയിൽ 14.7 സെന്റിമീറ്ററും മഴ ലഭിച്ചു. കനത്ത മഴ പെയ്യുന്നതിനാൽ ഗവിയിലേക്കുള്ള ഗതാഗത നിയന്ത്രണം ശനിയാഴ്ചയും തുടരുകയാണ്.
കക്കാട് ജല വൈദ്യുതി പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാർ അണക്കെട്ടിന്റെ സമീപങ്ങളിൽ അതിശക്തമായ മഴ പെയ്തു.ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടർ 30 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു.മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നെങ്കിലും വെള്ളം ക്രമാതീതമായി വർധിക്കുന്നത് ആറന്മുള വള്ളംകളിയെ ബാധിക്കുമെന്നതിനാൽ അധിക ജലം ഒഴുക്കിക്കളഞ്ഞ് പിന്നീട് ഷട്ടറുകൾ താഴ്ത്തി. പുതിയ കാലാവസ്ഥ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കുന്നതിനാൽ വെള്ളപ്പൊക്ക സാധ്യത ഉള്ളതായും നാട്ടുകാർ ആശങ്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.