പത്തനംതിട്ട: സൈബർ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകൾ ഉൾപ്പെടെ എല്ലാ തട്ടിപ്പുകൾക്കെതിരെയും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ല പൊലീസ് മേധാവി വി. അജിത്. പൊലീസ് ഓഫിസറുടെ പ്രൊഫൈൽ ചിത്രത്തോടുകൂടിയ ഫോൺ നമ്പറിൽ വിളിച്ച്, യൂനിഫോമിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട് ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബർ ലോകത്ത് ഏറ്റവും പുതിയത്. ആളുകളെ വിശ്വസിപ്പിക്കാൻ സി.ബി.ഐ, എൻ.സി.ബി, സംസ്ഥാന പൊലീസ് തുടങ്ങിയവയിൽനിന്നുള്ള യഥാർഥ ഓഫിസർമാരുടെ പേരുകളാണ് അവർ ഉപയോഗിക്കുക.
തങ്ങളുടെ പേരിലുള്ള പാർസലിൽ മയക്കുമരുന്നുകൾ, സ്വർണം, ഡോളർ എന്നിവയിൽ ഏതെങ്കിലും കണ്ടെത്തിയെന്നോ, അശ്ലീല സൈറ്റുകൾ സന്ദർശിച്ചുവെന്നോ, ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി എന്നോ പറഞ്ഞ് വിശ്വസിപ്പിച്ചോ തട്ടിപ്പുകാർ ഭയപ്പെടുത്തും. വിളിക്കപ്പെടുന്നയാളുടെ പേരിൽ വ്യാജ വാറന്റുകളോ എഫ്.ഐ ആറുകളോ അയക്കും. വിഡിയോ കാളിനിടെ ‘വിർച്വൽ അറസ്റ്റി’ലാണെന്നും തട്ടിപ്പുകാർ അറിയിക്കും. പണം നൽകിയാൽ കേസിൽനിന്ന് ഒഴിവാക്കാമെന്ന് വാക്കുനൽകും. തുടർന്ന്, വേരിഫിക്കേഷനുവേണ്ടി അക്കൗണ്ടിലുള്ള മുഴുവൻ പണവും ആർ.ബി.ഐ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടും. ഇരകൾ പണം കൈമാറാൻ നിർബന്ധിതരാവുന്ന സാഹചര്യത്തിൽ ചില അക്കൗണ്ട് നമ്പറുകൾ അവർക്ക് കൈമാറും. പണം കൈമാറുന്നത് പൂർത്തിയാകുന്നതുവരെ മറ്റാരെയും ബന്ധപ്പെടാൻ അനുവദിക്കില്ല.
ജില്ലയിൽ ഇത്തരത്തിൽ രണ്ട് കേസാണ് രജിസ്റ്റർ ചെയ്തത്. സി.ബി.ഐയുടെ വ്യാജ ലെറ്റർപാഡ് കാട്ടി നടത്തിയ തട്ടിപ്പിന് ആറന്മുള പൊലീസെടുത്ത കേസിൽ ഇരക്ക് നഷ്ടമായത് പതിനാലര ലക്ഷത്തിലധികം രൂപയാണ്. മറ്റൊന്ന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്, മുംബൈ പൊലീസ് ഇരക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായും പറഞ്ഞു. നടത്തിയ തട്ടിപ്പിൽ ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു. ഇരു കേസുകളിലും ഇരകളായത് സ്ത്രീകളാണ്.
പാര്‍സല്‍ സര്വിസിൽനിന്നെന്ന് വെളിപ്പെടുത്തിയും തട്ടിപ്പ് വ്യാപകമാണ്. ഇരയുടെ വിശ്വാസം നേടിയ ശേഷം, ഒരു പാര്‍സല്‍ നിങ്ങളുടെ പേരില്‍ വന്നത് സ്കാന്‍ ചെയ്തപ്പോള്‍ മയക്കുമരുന്ന്, സ്വര്‍ണം, ഡയമണ്ട്, ഡോളര്‍ തുടങ്ങിയവ ഉള്ളതിനാല്‍ മാറ്റിവെച്ചിരിക്കയാണ് എന്നറിയിക്കും. കേസാകുമെന്നും ഒഴിവാക്കണമെങ്കിൽ പണം വേണമെന്ന് തുടർന്ന് ആവശ്യപ്പെടുകയാണ് തട്ടിപ്പുകാർ ചെയ്യുക. ‘ഫെഡക്സ് ഫ്രാഡ്’ എന്നും ഇത്തരം തട്ടിപ്പുകൾ അറിയപ്പെടുന്നു.
സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിക്ഷേപ കച്ചവടത്തട്ടിപ്പാണ് സൈബർ ലോകത്ത് വ്യാപകമാകുന്ന മറ്റൊരു കുറ്റകൃത്യം. സമൂഹമാധ്യമങ്ങളായ വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയവയിലൂടെ ബന്ധപ്പെട്ട്, വൻതുകകൾ തിരികെ ലഭിക്കുന്ന വിധത്തിൽ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പ്ലാറ്റ്ഫോമുകളിലേക്ക് ക്ഷണിക്കുന്നതാണ് ഇവരുടെ രീതി. ഇരകളെ താൽപര്യം ജനിപ്പിച്ച ശേഷം അത്തരം വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നതാണ് അടുത്തപടി. പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ പിന്നീട് ആവശ്യപ്പെടും. ഇരയെ ബോധ്യപ്പെടുത്താൻ, വൻ തുകകൾ സമ്പാദ്യമായി തിരിച്ചുകിട്ടുന്ന വ്യാജ റിട്ടേണുകൾ തട്ടിപ്പുകാർ കാണിക്കും. ഇരകൾക്ക് വൻ തുകകൾ നഷ്ടപ്പെടുന്നതാണ് ഫലം.
ഇത്തരം പരാതികൾ പ്രകാരം ജില്ലയിൽ കഴിഞ്ഞവർഷവും ഈ വർഷം ഇതുവരെയുമായി 25 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ എട്ടുകോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. ഇതിൽ 2,68,988 രൂപ തിരിച്ചു കിട്ടി. സൈബർ പൊലീസ് സ്റ്റേഷനിൽ 2023,2 024 വർഷങ്ങളിലായി റിപ്പോർട്ട് ആയ 10 കേസുകൾ ഉൾപ്പെടെയാണിത്. 15 കേസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തവയാണ്. സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
സംശയകരമായ കാളുകളോ സന്ദേശങ്ങളോ വന്നാൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിവരം ധരിപ്പിക്കാം. പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കാവുന്നതുമാണ്. ജില്ലയിൽ ഇപ്പോൾ ഇൻസ്റ്റന്റ് ലോൺ തുടങ്ങിയ തട്ടിപ്പുകൾ തീരെയില്ലായെന്നും, പൊലീസിന്റെ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങൾ വൻ തോതിൽ കുറഞ്ഞിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
ഹണി ട്രാപ്, ഒ.എൽ.എക്സ് ഫ്രാഡ്, ജോലി തട്ടിപ്പ്, സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ, മാട്രിമോണിയൽ പരസ്യങ്ങൾ വഴിയുള്ളവ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഈ വർഷം ഇതുവരെ 776 പരാതിയാണ് ജില്ല പൊലീസിൽ ലഭിച്ചത്. സൈബർ ബോധവത്കരണ പരിപാടികൾ ജില്ല പൊലീസ് തുടരുമെന്നും ആളുകൾ കൂടുതൽ ജാഗ്രതയോടെ പ്രർത്തിക്കണമെന്നും ജില്ല പൊലീസ് മേധാവി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഡീഷനൽ എസ്.പി ആർ. ബിനു, സൈബർ പൊലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.