ചാലക്കുടി: കോൺക്രീറ്റിങ് പൂർത്തിയായി മൂന്ന് മാസത്തിലേറെയായ മേച്ചിറപ്പാലത്തിൽ നാടകീയ രംഗങ്ങൾ. ഉദ്ഘാടനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പാലത്തിലൂടെ യാത്ര തുടങ്ങിയെങ്കിലും സനീഷ് കുമാർ ജോസഫ് എം.എൽ.എയെത്തി പാലം അടപ്പിച്ചു. ഇതേച്ചൊല്ലി എം.എൽ.എയും നാട്ടുകാരും തമ്മിൽ വാക്തർക്കവുമുണ്ടായി. പാലത്തിലെ റോഡ് പൂർണമായും പണി തീർത്ത് അപകടാവസ്ഥ മാറിയ ശേഷം യാത്ര മതിയെന്നാണ് എം.എൽ.എ നിർദേശിച്ചത്. കരാറുകാരനെ വരുത്തി ടാർ വീപ്പകളും കമ്പിവേലിയും ഉപയോഗിച്ച് എം.എൽ.എ പാലം അടച്ചുകെട്ടിക്കുകയായിരുന്നു. കോൺക്രീറ്റിങ് നടന്ന് നാളുകൾ കഴിഞ്ഞിട്ടും പാലം തുറക്കാത്തതിൽ കോടശ്ശേരി മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധത്തിലാണ്. പാലത്തിലെ റോഡിലെ ടൈൽസ് ഇടുന്ന ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്. കഷ്ടിച്ച് ഒരാഴ്ചകൊണ്ട് തീർക്കാവുന്ന പ്രവൃത്തികൾ ചെയ്യാതെ മനഃപൂർവം മാസങ്ങളായി നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. വെള്ളിക്കുളങ്ങര-ചാലക്കുടി പി.ഡബ്ല്യു.ഡി റോഡ് കോടശ്ശേരി പഞ്ചായത്തിലെ പ്രധാന പാതയാണ്. വലതുകര മെയിൻ കനാൽ കടന്നു പോകുന്ന ഭാഗത്താണ് മേച്ചിറപ്പാലം നിർമിച്ചിട്ടുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച പാലം ബലക്ഷയത്തെ തുടർന്ന് പൊളിച്ച് പുതിയ പാലം നിർമിക്കുകയായിരുന്നു. പാലം തുറക്കാത്തതിനാൽ കോടശ്ശേരി മേഖലയിലെ ജനങ്ങളുടെ യാത്രദുരിതം വർധിച്ചിരിക്കുകയാണ്. ജനപ്രതിനിധികൾ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം നിർമാണം അനാവശ്യമായി നീണ്ടുപോയതിനാൽ ഒരുവർഷമായി ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. പലവട്ടം നിർമാണം നിലച്ചപ്പോഴെല്ലാം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് പണികൾ വീണ്ടും ആരംഭിച്ചത്. TCMChdy - 5 അടച്ചുപൂട്ടിയ മേച്ചിറപ്പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.