ആമ്പല്ലൂർ: വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പുതുക്കാട് പഞ്ചായത്തിലെ ഉഴിഞ്ഞാല്‍പാടത്ത് വെള്ളംകയറി. കുറുമാലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പാടത്തുനിന്നും വെള്ളം ഇറങ്ങിപോകാത്ത സ്ഥിതിയാണ്. 100 ഏക്കര്‍ നെല്‍കൃഷി വെള്ളത്തിലായതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. കതിര് വന്നുതുടങ്ങിയ നെൽച്ചെടികളാണ് വെള്ളത്തില്‍ മുങ്ങിയത്.
മാഞ്ഞാംകുഴി റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്തി കുറുമാലി പുഴയിലെ ജലനിരപ്പ് താഴ്ത്തിയാല്‍ മാത്രമാണ് വെള്ളം ഒഴുകിപോവുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനായി അധികൃതര്‍ ശക്തമായി ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. താല്‍ക്കാലികമായി മോട്ടര്‍ പ്രവര്‍ത്തിപ്പിച്ചാണ് പാടത്തുനിന്നും വെള്ളം പമ്പ് ചെയ്ത് കളയുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ വെള്ളം പൂര്‍ണമായും പമ്പ് ചെയ്തുകളയാന്‍ ദിവസങ്ങളോളം വേണ്ടി വരുമെന്നും അത് കൃഷിനാശത്തിന് ഇടയാക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
അതിരപ്പിള്ളിയിലും ചാലക്കുടിയിലും അതിതീവ്ര മഴ
ചാലക്കുടി: ചാലക്കുടി മേഖലയിൽ ഒരൊറ്റ രാത്രി പെയ്തത് കനത്ത മഴ. അതിരപ്പിള്ളി പഞ്ചായത്തിൽ 200 മില്ലി മീറ്ററിന് അടുത്തപ്പോൾ ചാലക്കുടി നഗരസഭ പ്രദേശത്ത് മഴയുടെ അളവ് 100 എം.എം. കടന്നു. ചാലക്കുടിപ്പുഴയിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളിയിൽ 187 എം.എം പെയ്തപ്പോൾ സമീപപ്രദേശമായ വെറ്റിലപ്പാറയിൽ 133 എം.എം. മഴ പെയ്തു. 12 മണിക്കൂർ നേരം കൊണ്ടാണ് ഇത്രയും ഉയർന്ന നിരക്ക് രേഖപ്പെടുത്തപ്പെട്ടത്. പ്രളയകാലത്തെ ഓർമപ്പെടുത്തും വിധമായിരുന്നു അതിരപ്പിള്ളിയിലെ മഴ. എന്നാൽ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല.
ഉച്ചതിരിഞ്ഞ് ചെറുതായി ചാറിയ മഴ അതിരപ്പിള്ളിയിൽ സായാഹ്നത്തിൽ ശക്തമാകുകയായിരുന്നു. മഴയുടെ വരവ് അപ്രതീക്ഷിതമായതിനാൽ സന്ദർശകർ ഭൂരിഭാഗവും നനഞ്ഞു. മഞ്ഞിന്റെയും മഴയുടെയും മൂടലിൽ വാഹനങ്ങൾ മുന്നോട്ട് നീങ്ങാൻ പ്രയാസപ്പെട്ടു. അതിരപ്പിള്ളി കഴിഞ്ഞാൽ ചാലക്കുടി നഗരപ്രദേശത്തും മഴ തകർത്തു പെയ്തു. കൂടപ്പുഴയിൽ 127.2 എം.എം മഴ പെയ്തു. പോട്ടയിൽ 143 എം.എം, ചാലക്കുടി സൗത്ത് 96 എം.എം. മഴയും രേഖപ്പെടുത്തി. പരിയാരം പഞ്ചായത്തിൽ 94 എം.എം, മേലൂർ പഞ്ചായത്തിൽ 70 എം.എം, കാടുകുറ്റിയിൽ 84 എം.എം എന്നിങ്ങനെയാണ് കഴിഞ്ഞ രാത്രി പെയ്ത മഴയുടെ തോത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.