തൃശൂർ: മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ യാത്രക്കാരൻ നൽകുന്നത് 13 രൂപ. നിരക്ക് വർധന ആവശ്യമുയർത്തി ബസുടമകളുടെ സമ്മർദവും നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രിയുടെ പ്രതികരണവുമറിഞ്ഞ് ഞെട്ടുകയാണ് തൃശൂരിലെ പറപ്പൂർ റൂട്ടിലെ യാത്രക്കാർ. തൃശൂർ -പറപ്പൂർ -ഗുരുവായൂർ റൂട്ടിലാണ് തോന്നിയതുപോലെ യാത്രക്കാരിൽ നിന്ന് തുക ഈടാക്കുന്നത്.
വ്യാഴാഴ്ച ചിറ്റിലപ്പിള്ളി ഗ്രൗണ്ട് സ്റ്റോപ്പിൽനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരമുള്ള പറപ്പൂർ സെന്ററിലേക്ക് യാത്രക്കാരനിൽനിന്ന് ഈടാക്കിയത് 13 രൂപയാണ്. വിവരാവകാശ -പൊതുപ്രവർത്തകൻ പി.ഒ. സെബാസ്റ്റ്യനിൽ നിന്നാണ് തുക ഈടാക്കിയത്. ഇതിനാകട്ടെ ടിക്കറ്റും നൽകിയിരുന്നില്ല. ഏറെ ചോദിച്ചതിനു ശേഷം ടിക്കറ്റ് നൽകി. നിരക്ക് ചോദ്യം ചെയ്തപ്പോൾ ഇതാണ് ഫെയർസ്റ്റേജെന്ന് അറിയിക്കുകയായിരുന്നു.
പറപ്പൂർ റൂട്ടിൽ ഫെയർസ്റ്റേജ് അപാകത ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ തൃശൂർ ആർ.ടി.ഒ നൽകിയ സത്യവാങ്മൂലത്തിൽ ഈ റൂട്ടിൽ രണ്ട് ഫെയർ സ്റ്റേജുകൾ ഉണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ, ഇതിൽ ഇതുവരെയും നടപടിയെടുത്തിട്ടില്ല. തൃശൂരിൽനിന്ന് പറപ്പൂരിലേക്ക് രണ്ട് സ്റ്റേജുകൾ അധികമായി വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർ.ടി.ഒ സ്ഥിരീകരിക്കുന്നു.
രണ്ടര കിലോമീറ്ററെങ്കിലും സ്റ്റേജുകൾ തമ്മിൽ വ്യത്യാസം വേണമെന്നിരിക്കെ 1.25 കിലോമീറ്റർ പോലും വ്യത്യാസമില്ലാത ഫെയർ സ്റ്റേജിന്റെ മറവിൽ യാത്രക്കാരനിൽനിന്ന് വൻ തുക ഈടാക്കുകയാണെന്ന് സെബാസ്റ്റ്യൻ ആരോപിച്ചു. സർക്കാർ ഫെയർസ്റ്റേജുകൾ അടിയന്തരമായി ക്രമീകരിച്ച് നിരക്ക് ക്രമീകരിക്കാനും അതുവരേക്ക് ബസ് ചാർജ് വർധിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.