ജില്ലയിൽ ഉദ്യോഗസ്ഥ ക്രമീകരണമായി; ഏകീകൃത തദ്ദേശ വകുപ്പിൽ 139 ജീവനക്കാർ

തൃശൂർ: ഒരു കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും തൃശൂർ സിവിൽ സ്റ്റേഷനിലെ അഞ്ചു വകുപ്പുകൾ ഒന്നിച്ച് തസ്തിക വിഭജനം പൂർത്തിയാക്കി. ഏകീകൃത തദ്ദേശ വകുപ്പിന്റെ കീഴിൽ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിങ്, നഗര- ഗ്രാമാസൂത്രണം എന്നീ അഞ്ചു വകുപ്പുകളുടെ സംയോജനമാണ് നടക്കുന്നത്.

139 പേരടങ്ങുന്ന ഏകീകൃത തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥ ക്രമീകരണം പൂർത്തിയാക്കി. ഇനി ഇവർക്ക് ചുമതലകൾ വിഭജിച്ച് നൽകുന്ന പ്രവർത്തനമാണ് ബാക്കി. വിവിധ വിഭാഗങ്ങളുടെ ജില്ല ഓഫിസുകളായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡെവലപ്മെന്റ് കമീഷണർ (ജനറൽ), അസി. ഡെവലപ്മെന്റ് കമീഷണർ, പഞ്ചായത്ത് അസി. ഡയറക്ടർ (പെർഫോർമൻസ് ഓഡിറ്റ് വിഭാഗം ഉൾപ്പെടെ), ജില്ല ടൗൺ പ്ലാനർ, നഗരകാര്യ വകുപ്പിലെ റീജനൽ ജോയന്റ് ഡയറക്ടർ എന്നിവിടങ്ങളിലെ തസ്തികകൾ ജില്ല ജോയന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ക്രമീകരിച്ചു.

ജില്ലയിൽ ഏകീകൃത തദ്ദേശവകുപ്പിൽ ഇനി ജോയന്റ് ഡയറക്ടർ -1, ഡെപ്യൂട്ടി ഡയറക്ടർ -1, അസിസ്റ്റന്റ് ഡയറക്ടർ -4, ഇന്റേണൽ വിജിലൻസ് ഓഫിസർ (അസിസ്റ്റൻറ് ഡയറക്ടർ) -6, ജില്ല എംപവർമെന്റ് ഓഫിസർ -1, സീനിയർ സൂപ്രണ്ട് -4, ജൂനിയർ സൂപ്രണ്ട് -19, അസി. സെറികൾചർ ഓഫിസർ -1, ഹെഡ് ക്ലർക്ക് -1, സീനിയർ ക്ലർക്ക്, ക്ലർക്ക് -45, ടൈപിസ്റ്റ് -8, ഡ്രൈവർ - 3, ഓഫിസ് അറ്റൻഡന്റ് -14, പ്ലാനിങ് വിഭാഗം: ടൗൺ പ്ലാനർ -1, ഡെപ്യൂട്ടി ടൗൺ പ്ലാനർ -4, അസി. ടൗൺ പ്ലാനർ -7, ഡ്രാഫ്റ്റ്മെൻ ഗ്രേഡ് 1 -5, ഗ്രേഡ് 2 -5, ചെയിൻമാൻ/ ഓഫിസ് അറ്റൻഡന്റ് / വാച്ച്മാൻ -7. ട്രേസർ -2 എന്നിങ്ങനെ ജീവനക്കാരായിരിക്കും ഉണ്ടാകുക.

തദ്ദേശവകുപ്പ് സംയോജനം പൂർത്തിയായിട്ടും പ്രാഥമികമായി നിർദേശിക്കപ്പെട്ട ഒന്നായുള്ള ഓഫിസ് പ്രവർത്തനം ജില്ലയിൽ എങ്ങുമെത്തിയിട്ടില്ല. കലക്ടറേറ്റിന്‍റെ രണ്ടാം നിലയെ ഏകീകൃത തദ്ദേശവകുപ്പിന് ഉപയോഗപ്പെടുത്തുകയോ റൂറൽ എസ്.പി ഓഫിസ് കെട്ടിടം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. ശിഥിലമായ രൂപത്തിൽ വകുപ്പുകൾ വിവിധ മേഖലകളിലായി തുടരുകയാണിപ്പോഴും.

കലക്ടറേറ്റിലെ രണ്ടാം നിലയിൽ പഞ്ചായത്ത് വിഭാഗം ഓഫിസുകളോട് ചേർന്ന ശിശുവികസന വകുപ്പ്, സർവേ സൂപ്രണ്ട് ഓഫിസ്, പട്ടിക ജാതി വികസന ഓഫിസ് എന്നിവ മാറ്റിയാൽ ആ നിലയിൽ ഏകീകൃത തദ്ദേശവകുപ്പ് ഓഫിസുകൾ പൂർണമായും പ്രവർത്തിക്കാനാകുമെന്ന നിർദേശം ഉയർന്നിരുന്നു.

ഇതുൾപ്പെടെ സമഗ്ര നിർദേശങ്ങൾ അധികൃതർക്ക് സമർപ്പിച്ചെങ്കിലും തുടർ ചർച്ചകൾ മുന്നോട്ടുപോയില്ല. റൂറൽ എസ്.പി ഓഫിസ് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് മാറ്റിയാൽ അതുൾപ്പെടുന്ന കെട്ടിടം ഇതേ ആവശ്യത്തിന് ഉപയോഗപ്പെടുത്താമെന്ന നിർദേശവും പിന്നീട് ഉയർന്നു.

തദ്ദേശ വകുപ്പ് ജോയന്‍റ് ഡയറക്ടറുടെ കീഴിൽ സജ്ജീകരിക്കപ്പെടുന്ന ഏകീകൃത തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥർ വിവിധ കെട്ടിടങ്ങളിൽ ചിതറിക്കിടക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് തടസ്സമാകും. പൊതുജനങ്ങൾക്കും ഇത് ദുരിതമാണ് സമ്മാനിക്കുക. കൂടാതെ മതിയായ ജീവനക്കാരില്ലാത്തതും പ്രശ്നമാണ്.

Tags:    
News Summary - 139 employees in the consolidated local department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.