15 ചോദ്യം, ഒന്നിനൊഴികെ ഒറ്റ മറുപടി; 'പരിധിയിൽ ഉൾപ്പെടില്ല'

തൃശൂർ: 15 ചോദ്യത്തിൽ 14നും ഒറ്റ മറുപടി... ഒരെണ്ണത്തിന് ബാധകമല്ലെന്നും. തൃശൂർ ശ്രീ കേരളവർമ കോളജിൽ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനാണ് ഈ മറുപടി നൽകിയത്. കേരളവർമ കോളജിന്‍റെ വജ്ര ജൂബിലി വരവ് ചെലവ് കണക്കുകൾ, ക്വട്ടേഷനുകൾ, ലേഡീസ് ഹോസ്റ്റൽ അഡ്മിഷൻ, പർച്ചേഴ്സുകൾ അടക്കുള്ള വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യങ്ങൾ.

14നും നൽകിയത് 'സൂചന പ്രകാരം താങ്കൾ ആവശ്യപ്പെട്ട ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല' എന്ന് മാത്രം. ഒരെണ്ണത്തിന് നൽകിയത് ബാധകമല്ലെന്നും. വിദ്യാർഥികൾ തന്നെയാണ് വിവരവാകാശ നിയമപ്രകാരം കോളജിനോട് മറുപടി തേടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ നാല് ദിവസങ്ങളിലായിരുന്നു ആഘോഷ പരിപാടികൾ.

മറ്റാരെയും അടുപ്പിച്ചില്ലെന്നും നിയന്ത്രണം മുഴുവൻ സി.പി.എമ്മും എസ്.എഫ്.ഐയും കൈയടക്കിയെന്നും ആരോപണം ഉയർന്നിരുന്നെങ്കിലും പരാതികളിലേക്ക് കടക്കാതെ എല്ലാവരും പരിപാടികളിൽ പൂർണമായും സഹകരിച്ചതിനാൽ ആക്ഷേപം പെട്ടെന്നൊതുങ്ങി. വജ്രജൂബിലിയിൽ കോളജിന് ആശംസകളുമായി എ.ഐ.വൈ.എഫ് സ്ഥാപിച്ച ബോർഡ് നീക്കിയതും വിവാദമായെങ്കിലും കാര്യമാവാതെ ഒതുങ്ങി.

നാലുനാൾ വിപുലമായ ആഘോഷങ്ങളായിരുന്നു. വജ്രജൂബിലായാഘോഷത്തിനായുള്ള ഫണ്ട് ശേഖരണവും ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ജൂബിലി ആഘോഷത്തിലെ ഫണ്ട് സമാഹരണത്തിലൂടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതടക്കം പ്രഖ്യാപിച്ചിരുന്നു.

നൽകുന്ന സംഭാവനയുടെ കനത്തിനനുസരിച്ച് മാർബിളിലും കപ്പിലും നോട്ടീസിലുമെല്ലാം പേര് വെക്കുന്ന വിധത്തിലായിരുന്നു പിരിവ്. ഇതിനെ നിലവിൽ കോളജിലുള്ള അധ്യാപകരും വിദ്യാർഥികളും മാത്രമല്ല പൂർവ അധ്യാപകരും വിദ്യാർഥികളുമടക്കം വിമർശിച്ച് രംഗത്ത് വന്നിരുന്നു.

വിപുലമായ സംഘാടക സമിതിയും ഒരുക്കിയിരുന്നെങ്കിലും പരിപാടികളൊക്കെ ഒറ്റയാൾ നിയന്ത്രണത്തിലായിരുന്നു നടന്നതത്രെ.

പൂർവ വിദ്യാർഥികളും അധ്യാപകരുമായിരുന്നവരിൽ വിവിധ മേഖലകളിലേക്കുയർന്നവരിൽ പലരെയും ആദരിക്കുന്നവരെ തെരഞ്ഞെടുക്കുന്നതിലടക്കം കൂടിയാലോചനകൾ ഉണ്ടായില്ലെന്നുമടക്കം വിമർശനമുയർന്നിരുന്നു.

ആഘോഷത്തിനായി എത്ര തുക ചെലവിട്ടെന്നോ എത്ര തുക സമാഹരിക്കാനായെന്നോ ഇനി എത്ര വേണ്ടി വരുമെന്നോ ബാധ്യതകളുണ്ടോ എന്നതടക്കമുള്ളവയിൽ കോളജിലുള്ളവർക്ക് തന്നെ വ്യക്തതയില്ല. സുതാര്യമല്ലെന്ന ആക്ഷേപത്തെ ശരിവെക്കുന്നതാണ് കോളജിൽനിന്ന് നൽകിയ മറുപടിയെന്നാണ് വിമർശനം. കോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

Tags:    
News Summary - 15 questions-one answer except one-out of limit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-17 04:47 GMT