തൃശൂർ: ജില്ലയിലെ ഏഴു താലൂക്കുകളിലായി 2587 മുൻഗണന കാർഡുകൾ കൂടി പൊതുവിഭാഗത്തിലേക്ക് മാറ്റാൻ നടപടി. ആറുമാസമായി 2118 ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. 108 അന്ത്യോദയ അന്നയോജന മഞ്ഞ കാർഡുകളും 2010 മുൻഗണന വിഭാഗം പിങ്ക് കാർഡുകളുമാണ് റേഷൻ വാങ്ങാത്തത്.
റേഷൻ വിഹിതം കൈപ്പറ്റാത്തതിന് തക്കതായ കാരണം കാർഡുടമകൾ അറിയിച്ചില്ലെങ്കിൽ ഈ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും. ഗുരുതര രോഗം ബാധിച്ചവരോ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരോ ഉണ്ടെങ്കിൽ പ്രസ്തുത കാർഡുകളെ സംസ്ഥാന മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് പൊതുവിതരണ വകുപ്പ് നടപടി സ്വീകരിക്കും.
തലപ്പിള്ളി താലൂക്കിൽ 300ൽപരം കാർഡുകൾ കഴിഞ്ഞ ജനുവരിയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇതുവരെ ഒരു പരാതിയും ലഭിച്ചില്ല. ‘ഓപറേഷൻ യെല്ലോ’ പ്രകാരം ജില്ലയിൽ അനർഹമായി കൈവശം വെച്ചിരുന്ന മുൻഗണന കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
ഇവരിൽനിന്നും 3.6882 കോടിയോളം രൂപ സർക്കാറിലേക്ക് അടക്കുന്നതിന് നോട്ടീസ് നൽകി. ഒന്നേമുക്കാൽ കോടിയിൽപരം രൂപ അടക്കുകയും ചെയ്തു. ജില്ലയിൽ ഒരംഗം മാത്രമുള്ള 213 അന്ത്യോദയ അന്നയോജന കാർഡുകളാണുള്ളത്. ഈ കാർഡുകളുടെ പരിശോധന കഴിഞ്ഞ മാസം ആരംഭിച്ചു.
കൂടുതൽ പേരും മറ്റ് കുടുംബാംഗങ്ങളോടൊപ്പം താമസിച്ചുവരുന്നതായും മുൻഗണന കാർഡ് ദുരുപയോഗം ചെയ്തുവരുന്നതായും കണ്ടെത്തി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരും.
റേഷൻകടകളിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ വൈദ്യുതി, വെള്ളം തുടങ്ങി സർക്കാറിൽ നിന്നുള്ള പല ആനുകൂല്യങ്ങളും അനർഹർ അനുഭവിച്ചുവരുന്നുണ്ട്. ഏപ്രിൽ 30നകം ജില്ലയിലെ അനർഹമായി ഉപയോഗിക്കുന്ന റേഷൻ കാർഡുകൾ പിടിച്ചെടുത്ത് തികച്ചും അർഹതയുള്ളവരെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.