പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥികളുടെ 'പ്രചാരണ ട്രെയിൻ' കൊരട്ടിക്കര-കോടത്തുംകുണ്ട് അതിർത്തിയിൽ എത്തിച്ചേർന്നിരിക്കുന്നു.
ഇരു വാർഡുകളിലുമായി സ്ഥിതി ചെയ്യുന്ന മതിലിലാണ് സ്ഥാനാർഥികൾ യാത്രക്കാരായ രീതിയിൽ ട്രെയിനിെൻറ ചിത്രം വരച്ചിരിക്കുന്നത്. കൊരട്ടിക്കര സെൻററിൽ നിർമാണം നടക്കുന്ന പാർട്ടി ഓഫിസിന് എതിർവശത്തുള്ള മതിലിനു മുകളിൽ 50 മീറ്ററോളം നീളത്തിൽ വരച്ച ട്രെയിനിെൻറ ചിത്രം ആരെയും ആകർഷിക്കും.
കൊരട്ടിക്കര, കോടത്തുംകുണ്ട് വാർഡുകളിലെ സ്ഥാനാർഥികൾക്ക് പുറമെ ബ്ലോക്ക്, ജില്ല ഡിവിഷൻ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെയും അവരുടെ ചിഹ്നങ്ങളെയും ട്രെയിനിൽ 'കയറ്റിയിട്ടുണ്ട്'.
പഞ്ചായത്ത് മുൻ പ്രസിഡൻറ് എം. ബാലാജിയാണ് എൻജിൻ ൈഡ്രവറുടെ സീറ്റിൽ. നാല് പതിറ്റാണ്ട് കാലം യു.ഡി.എഫ് കോട്ടയായ കടവല്ലൂർ രണ്ട് ദശകം മുമ്പാണ് ബാലാജിയുടെ നേതൃത്വത്തിൽ സി.പി.എം പിടിച്ചെടുത്തത്. ആദ്യ ബോഗിയിൽ ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി പത്മം വേണുഗോപാലാണ്. രണ്ടാമത്തെ ബോഗിയിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥിയും ശേഷിക്കുന്ന ബോഗിയിൽ രണ്ട് വാർഡുകളിലെ സ്ഥാനാർഥികളുമാണ്.
ഡി.വൈ.എഫ്.ഐ പ്രവർത്തകരും പെയിൻറിങ് തൊഴിലാളികളുമായ ബാബുരാജ്, ബിജു, അനു എന്നിവരുടെ ആശയത്തിന് ചിത്രകാരനായ പെരുമ്പിലാവിലെ ഷാജി കലാമിത്രയാണ് ആവിഷ്കാരം നൽകിയത്. കൊരട്ടിക്കര സ്വദേശി അനീഷും ചുവരെഴുത്തിൽ പങ്കാളിയായി. ചുവർ ചിത്രം കൗതുകമായതോടെ ഏറെ കാഴ്ചക്കാരും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.