കയ്പമംഗലം: പെരിഞ്ഞനത്ത് ടാങ്കർ ലോറിയിടിച്ച് ഓട്ടോറിക്ഷ കാനയിൽ വീണു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ പെരിഞ്ഞനം സ്വദേശി മതിലകത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് (48), യാത്രക്കാരായ പെരിഞ്ഞനം സ്വദേശികളായ പുലാക്കൽ വീട്ടിൽ ഷീല (51), മാളിയേക്കൽ ഷീജ (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കയ്പമംഗലം ഹാർട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ പെരിഞ്ഞനം ബീച്ച് റോഡിൽ പഞ്ചാരവളവിനടുത്തായിരുന്നു അപകടം. കൊറ്റംകുളം ബൈപാസ് നിർമാണത്തിന്റെ ഭാഗമായെത്തിയ ചെറിയ ടാങ്കർ ലോറിയാണ് ഓട്ടോയിലിടിച്ചത്. ഇടിച്ചതിനെ തുടർന്ന് ഓട്ടോ റോഡരികിലെ കാനയിലേക്ക് വീഴുകയായിരുന്നു.
കയ്പമംഗലം: ദേശീയപാത 66ൽ കയ്പമംഗലം ബോർഡ് സെന്ററിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. വലപ്പാട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം ദേശീയപാതയിലേക്ക് പ്രവേശിക്കവെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
നിർത്തിയിട്ട ഓട്ടോയിലിടിച്ച കാർ ദേശീയപാത മറികടന്ന് പടിഞ്ഞാറ് ഭാഗത്ത് പുതുതായി പണിത ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. മുരിയാന്തോട് സ്വദേശിയുടേതാണ് ഓട്ടോറിക്ഷ.
തൃപ്രയാർ: തൃപ്രയാർ ജങ്ഷനിൽ ബസിടിച്ച് കാൽ നടയാത്രക്കാരിക്ക് പരിക്ക്. തലക്ക് പരിക്ക് പറ്റിയ കരാഞ്ചിറ സ്വദേശിനി കിഴക്കിനിയത്ത് വീട്ടിൽ സരോജിനിയെ(54) ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
തൃപ്രയാർ: ദേശീയപാത 66ൽ നാട്ടിക എം.എ പ്രൊജക്റ്റിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഇരിങ്ങാലക്കുട സ്വദേശി തളിയത്ത് വീട്ടിൽ ബിജു പോളിനെ( 45) ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരക്കാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.