കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ അ​പ​ക​ട ഭീ​ഷ​ണി​യി​ലായ കെ​ട്ടി​ടം

കുന്നംകുളത്ത് അപകടാവസ്ഥയിൽ കഴിയുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി വൈകുന്നു

കുന്നംകുളം: നഗരത്തിൽ അപകടാവസ്ഥയിൽ കഴിയുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ നഗരസഭ വൈകുന്നു. മഴ ശക്തമാകുമ്പോൾ നഗരത്തിലെ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ സമീപ കച്ചവടക്കാർക്കും വഴിയാത്രികർക്കും ഭീഷണിയായി മാറുകയാണ്. മൂന്നു വർഷം മുമ്പ് അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങളുടെ വിവര ശേഖരണത്തിന് കൗൺസിൽ എൻജിനീയറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, 18 കെട്ടിടങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായില്ല.

നഗരത്തിന്‍റെ ഹൃദയഭാഗത്ത് പഴയ ബസ്സ്റ്റാന്‍ഡിന് മുന്നിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പഴയ ഓടിട്ട ഇരുനില കെട്ടിടം ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് കൗൺസിലിൽ പല തവണ ചർച്ച ചെയ്തെങ്കിലും അതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം അപകടാവസ്ഥയിലാണെന്നും പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ ആഴ്ചകൾക്ക് മുമ്പ് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നഗരസഭ പൊതുമരാമത്ത് വിഭാഗം കെട്ടിടം അപകടാവസ്ഥയിലാണെന്നും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും കാണിച്ച് ആരോഗ്യ വിഭാഗത്തിന് നിർദേശം നല്‍കിയിരുന്നു. എന്നിട്ടും ഫലം കണ്ടില്ല. ഈ കെട്ടിടത്തിന് മുന്നിലൂടെ നടന്നുപോകുന്നവർ പോലും ഭീതിയിലാണ്. ഈ കെട്ടിടത്തിന് നികുതി പോലും കാലങ്ങളായി അടക്കുന്നില്ലെന്നാണ് അറിയുന്നത്. സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ അപകട ഭീഷണി കണക്കിലെടുത്ത് വാഹനങ്ങള്‍ പോലും ചേർത്ത് നിർത്തിയിടുന്നില്ല.

കൂടാതെ പട്ടാമ്പി റോഡിലെ ശോച‍്യാവസ്ഥയിൽ കഴിയുന്ന കെട്ടിടം വഴിയാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ കണക്കിലെടുത്ത് കെട്ടിട ഉടമ മേൽക്കൂര മാറ്റിസ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും അനുമതി ഇല്ലാത്തതിന്‍റെ പേരിൽ നഗരസഭ നിർമാണം തടഞ്ഞു. ഇതോടെ മേൽക്കൂരയിൽ ടാർപായ ഇട്ടു. വർഷങ്ങൾ കഴിഞ്ഞതോടെ അതെല്ലാം നശിച്ചു. മഴ പെയ്ത് ഭിത്തിയെല്ലാം നനഞ്ഞ അവസ്ഥയിലാണ്. സമീപ കച്ചവടക്കാർ ഭയത്തോടെയാണ് കഴിയുന്നത്. കഴിഞ്ഞ ചില ദിവസങ്ങളായി തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഇത്തരം കെട്ടിടങ്ങൾ ഏതു സമയത്തും നിലംപൊത്താം. വൻ ദുരന്തങ്ങൾക്ക് കുന്നംകുളം സാക്ഷ്യം വഹിക്കേണ്ടി വരുമോയെന്ന ആശങ്കയും ജനങ്ങളിൽ ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - Action is delayed against buildings in a dangerous condition in Kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.