തൃശൂർ: കോര്പറേഷന് പരിധിയില്‍ ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ പേര് വ്യക്തമാക്കുന്ന ബോര്‍ഡിനും എൻജിനിയര്‍, ഡോക്ടര്‍, വക്കീല്‍, ചാര്‍ട്ടേഡ് അക്കൗണ്ടൻറ് തുടങ്ങിയ പ്രഫഷനലുകളുടെ വാസഗൃഹങ്ങളിലും സ്ഥാപനങ്ങളിലും വെക്കുന്ന ബോര്‍ഡുകള്‍ക്കും പരസ്യ ഇനത്തില്‍ പിരിവ് നല്‍കേണ്ടതില്ലെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു. നഗരത്തിൽ പരസ്യങ്ങളുടെ പേരിൽ വ്യാപക പിരിവ് നടത്തുന്നത് സംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
കോർപറേഷൻ നിർദേശമനുസരിച്ച് സ്വകാര്യ ഏജൻസിയാണ് വ്യാപാര സ്ഥാപനങ്ങളിലെത്തി വൻ തുക പിഴയീടാക്കി രസീത് നൽകുന്നത്. ഏഴ് ദിവസത്തിനകം തുക അടക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പലരും അപ്പോൾ തന്നെ തുക നൽകുകയാണ്. പൊതുസ്ഥലത്ത് അനധികൃതമായതോ കാലാവധി കഴിഞ്ഞതോ ആയ ബോർഡുകൾക്കല്ല പിരിവ്. നികുതിയൊടുക്കിയും ലൈസൻസ് എടുത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾക്കും ഫീസ് ഈടാക്കുകയാണ്.
ഒന്നിൽ കൂടുതൽ ബോർഡുകളുള്ളതിനാലാണ് തുക ഈടാക്കുന്നതെന്നാണ് പറയുന്നത്. സ്ഥാപനത്തിന് രണ്ട് വശങ്ങളുണ്ടെങ്കിൽ രണ്ട് ഭാഗത്തേക്കുമായി ബോർഡ് നിൽക്കുമല്ലോയെന്ന ചോദ്യത്തിന് മറ്റ് വിശദീകരണമൊന്നുമില്ലാതെ നോട്ടീസ് നൽകി പോവുകയായിരുന്നു.
ഒന്നില്‍ കൂടുതല്‍ ബോര്‍ഡുകളുള്ള സ്ഥാപനങ്ങള്‍ നിയമാനുസൃതം കൗണ്‍സില്‍ അംഗീകരിച്ച തുക പരസ്യ പിരിവ് ഇനത്തില്‍ നല്‍കണമെന്ന് മേയർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ള പരാതികള്‍ പരിശോധിക്കാനും പരസ്യ പിരിവ് നടത്തുന്ന കരാറുകാരന് ഇക്കാര്യത്തില്‍ നിർദേശം നല്‍കാനും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയേലിനെ ചുമതലപ്പെടുത്തിയതായി മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.