അന്തിക്കാട്: മാരത്തൺ വിജയം വിഷ്ണുവിന് പുത്തരിയല്ല, ഇത്തവണ സമ്മാനം വാങ്ങിയത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിൽനിന്ന്. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഏഗസ് ഫെഡറൽ ഇൻഷുറൻസ് സ്പൈസ് കോസ്റ്റ് ദീർഘ ദൂര ഓട്ട മത്സരത്തിലാണ് കാറളം സ്വദേശി വി.ആർ. വിഷ്ണു വിജയം നേടി സച്ചിൻ ടെണ്ടുൽക്കറിൽനിന്ന് സമ്മാനം ഏറ്റുവാങ്ങിയത്. കാറളം വലിയവീട്ടിൽ പരേതനായ രാമകൃഷ്ണൻ-മണി ദമ്പതികളുടെ മകനാണ് വിഷ്ണു. എണ്ണായിരത്തോളം പേർ പങ്കെടുത്ത സംസ്ഥാനത്തെ ഏറ്റവും വലിയ മാരത്തണിലെ 21 കിലോമീറ്റർ വിഭാഗത്തിൽ ആദ്യം ഓട്ടം പൂർത്തിയാക്കിയ മൂന്ന് പേർക്കാണ് സച്ചിൻ ട്രോഫിയും പ്രശസ്തി പത്രവും കൈമാറിയത്. മറൈൻ ഡ്രൈവിൽനിന്ന് തുടങ്ങി മറൈൻ ഡ്രൈവിൽ അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കപ്പെട്ട ദീർഘ ദൂര ഓട്ടത്തിൽ ഇടുക്കി, കൊല്ലം സ്വദേശികളാണ് വിഷ്ണുവിനൊപ്പം സമ്മാനാർഹരായത്.
കൽപണി തൊഴിലാളിയായ വിഷ്ണു മഞ്ഞുമ്മൽ മാരത്തൺ, കൊച്ചി മാരത്തൺ, ആലപ്പുഴ-ചേർത്തല മാരത്തൺ എന്നിവയിൽ 10 കിലോമീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കോയമ്പത്തൂർ, നെടുമ്പാശ്ശേരി, കൊച്ചി-മരട് മാരത്തണുകളിൽ രണ്ടാം സ്ഥാനവും ഈ 29 കാരൻ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. ചെറുപ്പം മുതൽ ഓട്ടത്തോട് കമ്പം തോന്നിയ വിഷ്ണു തനിയെ ഓടി പരിശീലനം നടത്തിവന്നതോടെ കേരളോത്സവത്തിൽ മത്സരത്തിൽ പങ്കെടുത്ത് ജില്ല തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ദീർഘദൂര ഓട്ട മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങിയത്. കഠിനാധ്വാനവും അർപ്പണ മനോഭാവവും, സ്ഥിരം പരിശീലനവുമാണ് വിഷ്ണുവിനെ ലോകം മുഴുവൻ ആരാധനയോടെ കാണുന്ന സച്ചിനിൽനിന്നും സമ്മാനം വാങ്ങാൻ അർഹനാക്കിയത്. ഇനിയും ഓടി മുന്നേറാൻ തന്നെയുള്ള ഓട്ടത്തിലായിരിക്കും താനെന്ന് വിഷ്ണു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.