അന്തിക്കാട്: മഴയിൽ വെള്ളം നിറഞ്ഞതിനാൽ മനക്കൊടി-പുള്ള് റോഡിനോട് ചേർന്നുള്ള വാരിയം കോൾപടവിലെ 117 ഏക്കർ നെൽപാടത്തിലെ കൃഷിയിറക്കൽ അനിശ്ചിതത്വത്തിൽ. മനക്കൊടി-പുള്ള് റോഡ് 800 മീറ്റർ ദൂരത്തിൽ പൂർണമായി തകർന്ന നിലയിലുമാണ്.
വെള്ളം റോഡിലൂടെ ഒഴുകി കോൾ പാടശേഖരത്തിലേക്ക് കടക്കുകയാണ്. രണ്ടാം മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ള പടവിൽനിന്ന് ഒക്ടോബർ ഒന്നുമുതൽ വെള്ളം പമ്പ് ചെയ്യേണ്ടിയിരുന്നതാണ്. ചാലിലെ വെള്ളം കോൾ പടവിലേതിനേക്കാൾ ഉയരത്തിലാണെന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിച്ച് ചാലിലേക്ക് വെള്ളം കയറ്റാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇടയ്ക്കിടെ മഴ കനക്കുന്നതുമൂലം ഇക്കുറി കൃഷിയിറക്കൽ നടക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. റോഡ് ഉയർത്തിയാൽ മാത്രമെ വരുംകാലങ്ങളിൽ പടവിലെ കൃഷി നിശ്ചിതസമയത്ത് ഇറക്കാനാവുകയുള്ളൂവെന്ന് വാർഡ് അംഗവും കേരള കർഷകസംഘം അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറിയുമായ കെ. രാഗേഷ് പറഞ്ഞു. അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി വെളുത്തൂർ അകമ്പാടം, അഞ്ചുമുറി, കൃഷ്ണൻ കോട്ട, കരാട്ടേ കോൾപടവ്, കൈപ്പിള്ളി വെളുത്തൂർ അകമ്പാടം.
ആറുമുറി, രജമുട്ട് എന്നിങ്ങനെ ഭൂരിഭാഗം കോൾ പടവുകളിലും ഇതിനകം കൃഷിയിറക്കൽ കഴിഞ്ഞുവെന്നിരിക്കെയാണ് വാരിയം കോൾ പടവിൽ വെള്ളം വറ്റിക്കാൻ പോലും സാധിക്കാതെ വന്നിരിക്കുന്നതെന്നും രാഗേഷ് പറഞ്ഞു. ഇത്തവണ അപ്രതീക്ഷിത മഴയാണ് ഒക്ടോബർ മാസത്തിൽ എത്തിയത്. ഇതാണ് പാടശേഖരം നിറയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.