തൃശൂർ: കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷം. ഇ- ടെൻഡറിൽനിന്ന് ഒഴിവാക്കാൻ നിർമാണ പ്രവൃത്തികൾ വിഭജിച്ചു നൽകിയെന്നും ഇത് അഴിമതിയാണെന്നും ആരോപിച്ച് പ്രതിപക്ഷം കൗൺസിലിെൻറ നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ മേയർ എം.കെ. വർഗീസ് കൗൺസിൽ പിരിച്ചുവിട്ടു. മേയറുടെ ചേംബർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അഞ്ചുലക്ഷത്തിൽ താഴെ വിവിധ പ്രവൃത്തികളാക്കി മാറ്റി രണ്ടര കോടിയുടെ പ്രവൃത്തികൾക്ക് ടെൻഡർ നൽകിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കോൺഗ്രസ് അംഗം കെ. രാമനാഥനാണ് വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ അതേറ്റുപിടിച്ചു. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭരണപക്ഷ അംഗങ്ങൾ മേയറുടെ ഡയസിനടുത്തെത്തി വളഞ്ഞുവെക്കുകയും ചെയ്തു.
അഞ്ചുലക്ഷത്തിൽ കുറഞ്ഞ തുകക്കാണെങ്കിൽ ഇ-ടെൻഡറിൽ നിന്ന് ഒഴിവാകാമെന്ന വ്യവസ്ഥ ദുർവിനിയോഗം ചെയ്തെന്ന് രാജൻ പല്ലൻ കുറ്റപ്പെടുത്തി. ഓഫിസ് മുറിയും അതിനോടു ചേർന്ന ശുചിമുറിയും പി.എയുടെ മുറിയും കവാട നിർമാണവും അടക്കം വ്യത്യസ്ത നിർമാണപ്രവൃത്തികളാക്കി ഓരോന്നിനും അഞ്ചുലക്ഷം രൂപക്ക് താഴെ എന്ന നിലയിൽ ടെൻഡർ നൽകിയതായി രാമനാഥൻ ആരോപിച്ചു. ചതുരശ്ര അടി കണക്കാക്കാതെയാണ് ടെൻഡർ തുക നിശ്ചയിച്ചതെന്നും ചൂണ്ടിക്കാട്ടി. 51 ഫയലുകളാക്കിയാണ് മാറ്റിയത്. റിലയൻസ് കേബിളുകൾ ഇട്ടതിൽ റിസ്റ്റൊറേഷൻ തുക തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ചർച്ചക്ക് വരുന്നത് തടയാൻ പ്രതിപക്ഷം ആസൂത്രിതമായി നടത്തിയ നാടകമാണ് ബഹളമെന്ന് ഭരണപക്ഷത്തെ വർഗീസ് കണ്ടംകുളത്തി വിമർശിച്ചു. മേയറുടെ ഡയസിനു മുകളിലെത്തിയ പ്രതിപക്ഷം ടെൻഡർ വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ബഹളം ശക്തമായപ്പോൾ യോഗം പിരിച്ചുവിട്ടതായി അറിയിച്ച് മേയർ ചേംബറിലേക്ക് മടങ്ങി.
അമൃതംസിറ്റി മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ആരെയും അറിയിക്കാതെ വിളിച്ച യോഗം അസാധുവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. യോഗത്തിലെ ഒന്ന് മുതൽ 72 വരെയുള്ള അജണ്ടകൾ മറ്റൊരു ദിവസം കൗൺസിൽ വിളിച്ച് ചർച്ച ചെയ്യണമെന്ന് മേയറോടും സെക്രട്ടറിയോടും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറോടും ആവശ്യപ്പെട്ട് കോൺഗ്രസ് കത്ത് നൽകി. ടെൻഡറുകൾ വിഭജിച്ചു നൽകിയത് ക്രമവിരുദ്ധമായാണെന്നും ഒറ്റ പ്രവൃത്തിയായി അംഗീകരിച്ച് ഇ-ടെൻഡർ വിളിക്കണമെന്നും ബി.ജെ.പി കൗൺസിലർമാരായ വിനോദ് പൊള്ളഞ്ചേരി, പൂർണിമ സുരേഷ്, എൻ. പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിെൻറ അമൃത് സിറ്റി മാസ്റ്റർ പ്ലാൻ അട്ടിമറിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നതായും ബി.ജെ.പി കുറ്റപ്പെടുത്തി. കൂർക്കഞ്ചേരി -കുറുപ്പം റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കുളപ്പറമ്പിൽ എന്നിവർ പ്ലക്കാർഡുകളുമായി കൗൺസിൽ യോഗത്തിൽ കുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.