ഇരിങ്ങാലക്കുട: അപകടത്തിൽപ്പെട്ട് റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിക്കുകയും കൈവശം ഉണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ തിരിച്ചേൽപ്പിക്കുകയും ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ ഷാജിയെ ആദരിച്ചു. ഉത്രാടം നാളിൽ രാത്രി ഏഴരയോടെയാണ് മാപ്രാണം ലാല്‍ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ കമ്പനിയിലെ സെയില്സ്മാൻ കണിമംഗലം സ്വദേശി കൈതാരത്തില്‍ വീട്ടില്‍ ജോര്‍ജ് സെബാസ്റ്റ്യനാണ് അപകടത്തില്‍പെട്ടത്.
ജോലി കഴിഞ്ഞ് അന്നത്തെ കലക്ഷന്‍ തുകയായ രണ്ടര ലക്ഷത്തോളം രൂപയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന വാഹനത്തിെൻറ ലൈറ്റ് കണ്ണിലടിച്ച് നിയന്ത്രണം വിട്ട് റോഡരികിലൂടെ പോവുകയായിരുന്ന കപ്പലണ്ടി കച്ചവടം നടത്തുന്ന വാഹനത്തിലിടിച്ചത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട ജോര്‍ജിനെ മറ്റൊരു ഓട്ടം കഴിഞ്ഞ് മടങ്ങിയ എ.വി. ഷാജി നാട്ടുകാരുടെ സഹകരണത്തോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമിക ശുശ്രൂഷക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സെബാസ്റ്റ്യനെ എത്തിച്ചു.
30 വര്‍ഷത്തോളമായി മാപ്രാണം ലാല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്ന മാപ്രാണം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഷാജിയെ ആംബുലന്‍സ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട സോണലിെൻറ നേതൃത്വത്തില്‍ ആദരിച്ചു. ജില്ല ഭാരവാഹികളായ ജിന്നി ദേവന്, ആശുപത്രി പി.ആര്.ഒ ബിന്ദു, ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.