പെരുമ്പിലാവ്: അൻസാർ വിമൻസ് കോളജിന് നാക് (നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) എ ഗ്രേഡ് ലഭിച്ചു. സ്വാശ്രയ മേഖലയിൽ ജില്ലയിൽ എ ഗ്രേഡ് ലഭിക്കുന്ന ആദ്യ കോളജാണ് അൻസാർ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും മികവും ഉറപ്പുവരുത്തി ഗ്രേഡ് നൽകുന്ന യു.ജി.സിയുടെ കീഴിലുള്ള സ്വയംഭരണാവകാശമുള്ള ഏജൻസിയാണ് നാക്. കോളജിെൻറ എല്ലാ മേഖലയിലുമുള്ള അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഗ്രേഡ് നൽകിയത്.
പുണെ സർവകലാശാലയിലെ ഡോ. ഭാസ്കർ ഷെജ്വാൾ, തമിഴ്നാട്ടിലെ കാവേരി വനിത കോളജ് പ്രിൻസിപ്പൽ ഡോ. വി. സുജാത, ആന്ധ്രയിലെ പത്മാവതി മഹിള സർവകലാശാല കംപ്യൂട്ടർ സയൻസ് വിഭാഗം പ്രഫസർ ഡോ. ഉഷാറാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
2002ൽ അൻസാരി ചാരിറ്റബിൾ ട്രസ്റ്റിെൻറ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ രൂപീകൃതമായ സ്വാശ്രയ സ്ഥാപനമാണ് അൻസാർ വിമൻസ് കോളജ്. കോമേഴ്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, മാതമാറ്റിക്സ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സൈക്കോളജി, കെമിസ്ട്രി തുടങ്ങിയ യു.ജി, പി.ജി കോഴ്സുകളും സെൻറർ ഫോർ ലൈഫ് സ്കിൽ എജുക്കേഷനും കോളജിലുണ്ട്.
സ്ത്രീശാക്തീകരണത്തിനും അവരുടെ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്ന ഈ കലാലയത്തിന് രണ്ടുതവണ കാലിക്കറ്റ് സർവകലാശാലയിലെ മികച്ച വനിത കോളജിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ജെ. ഫരീദ, വൈസ് പ്രിൻസിപ്പൽ ടി.എ. ആരിഫ്, സി.ഇ.ഒ ഡോ. നജീബ് മുഹമ്മദ്, ഐ.ക്യു.എ.സി കോഓഡിനേറ്റർ ജുബി ജോയ്, നാക് കോഓഡിനേറ്റർ രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് നാക് പരിശോധനക്ക് സൗകര്യമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.