അരിമ്പൂർ: കോൾ മേഖലയിലെ ബണ്ടുകൾ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി അരിമ്പൂർ പഞ്ചായത്തിലാകെ കയർഭൂവസ്ത്രം തീർക്കുന്നു. പഞ്ചായത്തിലെ ആകെയുള്ള 17 പടവുകളിൽ 13 എണ്ണത്തിലും കയർഭൂവസ്ത്രം വിരിച്ചുവരുകയാണ്. ഇതുവഴി 150ൽപരം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിയും നൽകാനായി.
ആലപ്പുഴയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കയർ കോർപറേഷനിൽനിന്നാണ് കയർ ഭൂവസ്ത്രം പടവുകളിൽ എത്തിച്ചത്. പുതിയതായി നിരവധി കോൾബണ്ടുകൾ പണിതത് ബലപ്പെടുത്തുകയാണ് ലക്ഷ്യം.
കാലവർഷത്തിലും പാടത്ത് വെള്ളം ഉയർന്നാലും കയർഭൂവസ്ത്രം വിരിച്ച് ഉറപ്പിച്ച ബണ്ട് അനങ്ങില്ല. മണ്ണിടിച്ചലും ഉണ്ടാകില്ല. കയർഭൂവസ്ത്രം വിരിക്കാൻ ആദ്യം മണ്ണടിച്ച് ബണ്ട് ബലപ്പെടുത്തിയ ശേഷം കയർഭൂവസ്ത്രം മുകളിൽ വിരിക്കും. മുളങ്കുറ്റികൾ കൊണ്ട് നിർമിച്ച മുളയാണികൾ ഉപയോഗിച്ച് ഇവ വലിച്ചു കെട്ടി ഉറപ്പിക്കും.
തുടർന്ന് ചെറിയ ചെടികൾ വച്ച് പിടിപ്പിച്ച് കയർഭൂവസ്ത്രത്തെ മണ്ണിലേക്ക് ഉറപ്പിക്കുന്നതാണ് രീതി. നിർമാണം നടന്നു കൊണ്ടിരിക്കുന്ന വെളുത്തൂർ-മനക്കൊടി പടവിൽ മൂന്ന് കിലോമീറ്ററോളം കെ.എൽ.ഡി.സിയുടെ ബണ്ട് റോഡാണ് കയർ ഭൂവസ്ത്രം വിരിച്ച് പൂർത്തിയാകുന്നത്.
രണ്ടു മാസമായി ഇവിടെ മാത്രം 50ൽപരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. തൊഴിലാളികളുടെ കൂലിയടക്കം 25 ലക്ഷമാണ് ചെലവ്.
പഞ്ചായത്തിലെ തന്നെ കൈപ്പിള്ളി-വെളുത്തൂർ അകംപാടത്തും സമാന രീതിയിൽ നിർമാണം നടക്കുന്നുണ്ട്. ഇവിടെ ചാലിന്റെ ഇരുവശത്തുമുള്ള ബണ്ടിൽ കയർ ഭൂവസ്ത്രം വിരിക്കുന്നുണ്ട്. 800 മീറ്ററാണ് ബണ്ട് റോഡിന്റെ നീളം. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിൽനിന്നാണ് ഇതിനുള്ള തുക ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.