കൊച്ചി: നാട്ടിക ഫർക്ക പദ്ധതിക്ക് കീഴിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദേശീയ ജൽജീവൻ മിഷൻ നിർദേശിച്ച നടപടികൾ സംബന്ധിച്ച് ഹൈകോടതി സർക്കാറിന്റെ റിപ്പോർട്ട് തേടി. ജൽമിഷന്റെ നിർദേശത്തിലുള്ള നിലപാടും നടപടി റിപ്പോർട്ടും ജൂലൈ 31നകം അറിയിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് ജലവിഭവ സെക്രട്ടറിയിൽനിന്ന് നടപടി റിപ്പോർട്ട് തേടിയത്. നാട്ടിക ഫർക്ക പദ്ധതിക്ക് കീഴിൽ വരുന്ന ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നിങ്ങനെ പത്ത് പഞ്ചായത്തുകളിൽ തുടർച്ചയായ കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പി.എ. സീതി മാസ്റ്റർ, ധർമരാജൻ എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നിരന്തരം പൈപ്പ് പൊട്ടലും ജലക്ഷാമവും ഇവിടെ പതിവാണ്. പദ്ധതിക്ക് കീഴിലെ പഴയ കോൺക്രീറ്റ് പൈപ്പുകൾ മാറ്റിയും ഇല്ലിക്കൽ പമ്പിങ് സ്റ്റേഷനിലും വെള്ളാനി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലും പുതിയ മോട്ടോർ സ്ഥാപിച്ചും നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. നാട്ടിക ഫർക്ക പദ്ധതി അതിന്റെ ഡിസൈൻ കാലയളവ് കഴിഞ്ഞ സാഹചര്യത്തിൽ അന്വേഷണം നടത്തി സെൻട്രൽ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റൽ എൻജിനീയറിങ് ഓർഗനൈസേഷൻ മാനുവൽ പ്രകാരം അനുയോജ്യമായ നടപടി സ്വീകരിക്കാനാവശ്യപ്പെട്ടാണ് ജലവിഭവ വകുപ്പിന് ജൽജീവൻ മിഷൻ അണ്ടർ സെക്രട്ടറി കത്തയച്ചത്. നടപടി സ്വീകരിച്ച് എത്രയുംവേഗം നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു. ഈ കത്തിൽ 31നകം റിപ്പോർട്ട് നൽകാനാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.