അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്പൂർമുഴി ഉദ്യാനവും നിബന്ധനകളോടെ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനം. ആഗസ്റ്റ് പത്ത് മുതലാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങുക. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാല് വരെയാണ് പ്രവേശനം.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് വന്ന സാഹചര്യത്തിലാണിത്. എന്നാൽ, മേഖലയിലെ ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല. മേഖലയിലെ സ്വകാര്യ പാർക്കുകൾക്ക് പ്രവർത്തിക്കാം. വിനോദ സഞ്ചാരികൾ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റോ അതത് ദിവസം നടത്തിയ ആൻറിജൻ പരിശോധന സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന.
സ്വകാര്യ പാർക്കുകൾ പ്രവർത്തിക്കാമെങ്കിലും അടച്ചിട്ട തിയറ്ററുകളിലേക്ക് സഞ്ചാരികളെ അനുവദിക്കില്ല. തുറസ്സായ റൈഡുകൾ മാത്രമേ അനുവദിക്കൂ. ഇതോടനുബന്ധിച്ച് നടപ്പാക്കേണ്ട ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ചർച്ച ചെയ്തു. പ്രസിഡൻറ് കെ.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി. വിനോദ്, വനം വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
നിയന്ത്രണം നടപ്പാക്കാൻ കഴിയുമോയെന്ന് ആശങ്ക
അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രവും തുമ്പൂർമുഴി ഉദ്യാനവും തുറക്കുന്നത് കടുത്ത ആശങ്കയോടെ. പരിശോധനകളും നിയന്ത്രണങ്ങളും എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുമെന്നതാണ് ആശങ്കക്ക് പ്രധാന കാരണം. അതിരപ്പിള്ളി പഞ്ചായത്ത് ഹാളിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പലരും ആശങ്ക പങ്കുവെച്ചു.
ഓണം സീസൺ വന്നെത്തുന്നതിനാൽ അനിയന്ത്രിതമായ സഞ്ചാരി പ്രവാഹമാണ് ഉണ്ടാവുക. അത് നിയന്ത്രിക്കാൻ ആവശ്യമായ വനപാലകരും െപാലീസും നിലവിൽ അതിരപ്പിള്ളിയിൽ ഇല്ല. കൂടുതൽ സേനയെ നിയോഗിച്ചും അതിരപ്പിള്ളിയിൽ രണ്ടിടത്ത് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചും പരിശോധന നടത്താൻ തീരുമാനമുണ്ട്. സഞ്ചാരികളുടെ സർട്ടിഫിക്കറ്റുകളും മറ്റും പരിശോധിക്കുക പ്രായോഗികമാവില്ല. ഒന്നിലേറെ ബസുകൾ വരുമ്പോൾ പരിശോധനക്ക് നിർത്തിയിടേണ്ടി വരുന്നത് വലിയ ഗതാഗത തടസ്സമുണ്ടാക്കും. നേരത്തേ വിനോദസഞ്ചാരികൾക്ക് പ്രവേശന ടിക്കറ്റ് ഓൺലൈനിൽ നൽകുന്നത് അടക്കമുള്ള നിബന്ധനകൾ ഉണ്ടായിരുന്നെങ്കിലും പ്രായോഗികമല്ലാത്തതിനാൽ ഇത്തവണ ആ രീതി അധികൃതർ ഉപേക്ഷിച്ച മട്ടാണ്.
വന സംരക്ഷണ സമിതിയിലെ തൊഴിലാളികൾ ഇരട്ട മാസ്ക്കും കൈയുറയും ധരിക്കണമെന്ന് നിർദേശമുണ്ട്. ടൂറിസം സെൻറുകളിലെ 18-44 പ്രായപരിധിയിലെ തൊഴിലാളികൾക്ക് ഇനിയും വാക്സിൻ നൽകിയിട്ടില്ല.അതിരപ്പിള്ളി മേഖലയിലെ വ്യാപാരികളാണ് നിരോധനം നീങ്ങുന്നതിൽ ഏറെ സന്തോഷിക്കുക.
വഴിവാണിഭക്കാർ മുതൽ വൻകിട റിസോർട്ടുകാർ മുതൽ രണ്ടു വർഷമായി വലിയ ദുരിതത്തിലാണ്. അതേസമയം, മലക്കപ്പാറ, വാഴച്ചാൽ, ചാർപ്പ എന്നിവിടങ്ങളിലേക്ക് പോകാൻ നിരോധനമുള്ളതിനാൽ സഞ്ചാരികൾക്ക് മേഖല സന്ദർശിക്കുന്നതിൽ താൽപര്യം കുറയും.മലക്കപ്പാറയിൽ പാലം തകർന്നതിനെ തുടർന്നുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും മലയിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. റോഡിനോട് ചേർന്ന വാഴച്ചാൽ കോളനിയിൽ കോവിഡ് വ്യാപിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.