കൊരട്ടി (തൃശൂർ): ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രായപൂർത്തിയാവാത്ത മകളെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽനിന്നും ഇറക്കിക്കൊണ്ടുപോയ സ്ത്രീ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സാത്തി ബീവിയാണ് (25) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വീട്ടിലെത്തി പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നിർദേശാനുസരണം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാണാതായ പെൺകുട്ടിയേയും പ്രതിയേയും പെരുമ്പാവൂരിൽ കണ്ടെത്തിയത്.
മുർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുമ്പാവൂരിൽ ജോലിചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെൺകുട്ടിയേയും കൂട്ടി കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പൊലീസിനോട് സമ്മതിച്ചു. ട്രെയിനിൽ കൊൽക്കത്തയിലേക്ക് പോകുമ്പോൾ പൊലീസ് പരിശോധനയിൽ പിടിയിലാകാൻ സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കിയ പ്രതി അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസിലാണ് പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത്.
പ്രതി പെൺകുട്ടിയുമായി രാത്രി യാത്രക്ക് ബുക്ക് ചെയ്ത യാത്രാരേഖകൾ പൊലീസ് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ ബി.കെ. അരുൺ, എസ്.ഐ സി.എസ്. സൂരജ്, എ.എസ്.ഐമാരായ എം.വി. സെബി, ജയ്സൺ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.