അന്തിക്കാട്: പാടശേഖരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പാലക്കാഴയിൽ ബണ്ട് പൊട്ടിച്ചുവിടാനുള്ള കെ.എൽ.ഡി.സി ഉദ്യോഗസ്ഥരുടെ ശ്രമം തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കനത്ത മഴയിൽ അന്തിക്കാട് പാടശേഖരം മുങ്ങി കൃഷി നടത്താൻ പറ്റാത്ത അവസ്ഥ വന്നതോടെ ബണ്ട് പൊട്ടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അന്തിക്കാട് പാടശേഖര കമ്മിറ്റിയുടെയും വിവിധ പടവുകളായ വള്ളൂർതാഴം, പരപ്പൻ ചാല്, കോവിലകം എന്നിവയുടെയും നേതൃത്വത്തിൽ കെ.എൽ.ഡി.സി ഓഫിസ് ഉപരോധിച്ചിരുന്നു. തുടർന്ന് പാടശേഖര കമ്മിറ്റി ഭാരവാഹികൾ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ശനിയാഴ്ച രാവിലെ ഒമ്പതിന് ബണ്ട് പൊളിക്കുമെന്ന് അറിയിച്ചു. ഉദ്യാഗസ്ഥരുടെ ഈ ഉറപ്പിലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
തുടർന്ന് ശനിയാഴ്ച രാവിലെ കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ പാലക്കഴയിൽ എത്തി ബണ്ട് പൊട്ടിക്കാൻ തുനിഞ്ഞപ്പോൾ കാഞ്ഞാംകോൾ പടവ് കമ്മിറ്റി എതിർക്കുകയായിരുന്നു. ബണ്ട് പൊളിക്കണമെന്ന് പറഞ്ഞ് അന്തിക്കാട് പടവും രംഗത്തിറങ്ങി. രണ്ടു വിഭാഗക്കാരും തമ്മിൽ തർക്കമായി. വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കുകയും ബണ്ട് പൊളിക്കുന്നത് നിർത്തുകയും ചെയ്തു. തുടർന്ന് രണ്ടു വിഭാഗക്കാരെയും കെ.എൽ.ഡി.സി ഉദ്യോഗസ്ഥരെയും ചർച്ചക്ക് അന്തിക്കാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ചർച്ചയെ തുടർന്ന് നിലവിലെ ചാലിലെയും പാലക്കാഴയിലെയും തടസ്സങ്ങൾ നീക്കാനും തിങ്കളാഴ്ച കഴ പൊട്ടിക്കാനും നിലവിലെ ബണ്ടിൽ വേനൽക്കാലത്ത് സ്ലൂയിസുകൾ നിർമിക്കാനും തീരുമാനിച്ചു. സി.പി.എം എൽ.സി സെക്രട്ടറി എ.വി. ശ്രീവത്സൻ, പാടശേഖര പ്രസിഡന്റ് ഇ.ജി. ഗോപാലകൃഷ്ണൻ, സെക്രട്ടറി സെബിൻ തട്ടിൽ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, കെ.എൽ.ഡി.സി അസി. എൻജിനീയർ അഖിൽ, പ്രോജക്ട് എൻജിനീയർ ഷാജി, അന്തിക്കാട് എസ്.ഐ ശ്രീഹരി, കാഞ്ഞാംകോൾ പടവ് പ്രതിനിധികളായ അനൂപ് രാധകൃഷ്ണൻ, രാഗേഷ് കാഞ്ഞാണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.