അഴീക്കോട്: തീരവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് - മുനമ്പം പാലത്തിന്റെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കും. അഴീക്കോട് ഐ.ഐ.എം.യു.പി സ്കൂളിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും. കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം കിഫ്ബിയിൽനിന്ന് 160 കോടി ചെലവഴിച്ചാണ് നിർമിക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളമുള്ള പാലത്തിന് 15.70 മീറ്റർ വീതിയുണ്ടാകും.
തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് - മുനമ്പം പാലത്തിൽ ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ഉണ്ടാകും. നിർമാണോദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് അഞ്ച് മുതൽ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘കലാസന്ധ്യ ഗ്രാമോത്സവത്തിൽ’ വിവിധ കലാപരിപാടികൾ അരങ്ങേറും.
നാൾവഴികൾ
- 2004: പദ്ധതി പ്രഖ്യാപനവും പ്രാരംഭ സർവേയും നടന്നു
- 2011 മാർച്ച് 10: സർക്കാർ ബജറ്റിൽ പാലത്തിന് വിഹിതവും അനുമതിയും നൽകി
- 2011-2016: പാലത്തിന് പ്രാഥമിക രൂപരേഖ തയാറാക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നടന്നില്ല
- 2016 ഡിസംബർ 29: പദ്ധതി സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി
- 2017 ഫെബ്രുവരി എട്ട്: ബജറ്റിൽ 160 കോടി അനുവദിച്ചു
- 2017 ജൂലൈ 10: ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു
- 2018 ഫെബ്രുവരി 28: സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങി
- 2019 ജനുവരി ഏഴ്: സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി
- 14.6 കോടി അനുവദിച്ചതിനെ തുടർന്ന് മുനമ്പത്ത് 51.86 സെന്റും അഴീക്കോട്ട് 49.13 സെന്റും എറ്റെടുത്തു
- 2019 മാർച്ച് നാല്: സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാത പഠന റിപ്പോർട്ട് സമർപ്പിച്ചു
- 2019 നവംബർ രണ്ട്: ഫിഷറീസ് വകുപ്പ് പാലം നിർമാണത്തിന് എൻ.ഒ.സി നൽകി
- 2019 ഡിസംബർ 10: പാലത്തിന്റെ രൂപരേഖ
- പൊതുമരാമത്ത് റോഡ് ഫണ്ട് ബോർഡിന് സമർപ്പിച്ചു
- 2020 ഒക്ടോബർ 30: കിഫ്ബിയിൽനിന്ന് 154.626 കോടിയുടെ സാമ്പത്തികാനുമതി ലഭിച്ചു
- 2022 ഏപ്രിൽ: ടെൻഡർ നടപടി ആരംഭിച്ചു
- മേയ് 20: രണ്ടാം ടെൻഡറിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 12.2 % അധികം കാണിച്ച ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് മന്ത്രിസഭ യോഗം അനുമതി നൽകി
- 2023 മേയ് 31: തീരദേശ അതോറിറ്റിയുടെ അനുമതി ലഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.