തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം ഇടിച്ചുനിരത്തിയ വിഷയത്തിൽ കോർപറേഷൻ കൗൺസിലിൽ വീണ്ടും ചർച്ച. കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കരാറുകാരനെതിരെ എന്തു നടപടിയെടുത്തെന്ന് മേയർ ജനങ്ങളോടും കൗൺസിലർമാരോടും പറയണം. കരാർ ഒപ്പിട്ട സെക്രട്ടറിയും മേയറും ഭരണപക്ഷവും തമ്മിൽ ഒത്തുകളിയാണ്.
ഈ വിഷയത്തിൽ ഭരണസമിതിയുടെ ഉദ്ദേശശുദ്ധി നല്ലതല്ലെന്നും പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ പറഞ്ഞു. നെഹ്റു പാർക്ക് നവീകരിക്കണമെന്നും കൗൺസിൽ ഹാളിൽ കാമറ സ്ഥാപിക്കണമെന്നും പൂർണിമ സുരേഷ് ആവശ്യപ്പെട്ടു. ശക്തൻ മുണ്ടുപാലം റോഡ് ജങ്ക്ഷനിൽ വഴിവാണിഭക്കാർ നിറഞ്ഞതായി മുകേഷ് കൂളപ്പറമ്പിൽ ചൂണ്ടിക്കാട്ടി.
ബിനി പൊളിക്കലുമായി ബന്ധപ്പെട്ട് കൗൺസിലർ എ.കെ. സുരേഷ് വിശദീകരണം ആരാഞ്ഞെങ്കിലും മേയർ ഒഴിഞ്ഞുമാറി. എന്തിനാണ് മേയർ ഒളിച്ചോടുന്നതെന്ന് സുരേഷ് ചോദിച്ചു. കള്ളത്തരം ആരു കാട്ടിയാലും പിടിക്കുമെന്നായിരുന്നു പി.കെ. ഷാജന്റെ മറുപടി.
പറയാനുള്ളത് മുഴുവൻ കേട്ടിട്ട് നടപടിയെടുക്കാനാണ് ബിനി പ്രശ്നം അവസാന അജൻഡയായി ചേർത്തതെന്നും ഷാജൻ പറഞ്ഞു. ഓഫിസ് അറ്റൻഡന്റ് തസ്തികയിലെ താൽക്കാലിക നിയമന അജൻഡ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം മേയർ തള്ളി. യുനെസ്കോ ലേണിങ് സിറ്റി പ്രഖ്യാപനത്തിനുള്ള ക്രമീകരണച്ചെലവുകൾ സംബന്ധിച്ച അജൻഡയും ചർച്ചക്കെടുത്തില്ല. അജൻഡ മാറ്റിവെച്ച് കണക്ക് പരിശോധിക്കാമെന്ന് മേയർ പ്രഖ്യാപിച്ചു.
അധികച്ചെലവിനെക്കുറിച്ച് കെ. രാമനാഥനും ജയപ്രകാശ് പൂവ്വത്തിങ്കലും ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ, ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി, അഡ്വ. ടി.എ. അനീസ് അഹമ്മദ് എന്നിവരെ ചുമതലപ്പെടുത്തി.
ലേണിങ് സിറ്റിപോലെ വമ്പൻ പദ്ധതി ഒരുക്കിയതിന് എല്ലാവരും അഭിനന്ദിക്കുമെന്നാണ് വിചാരിച്ചതെന്നായിരുന്നു മേയറുടെ മറുപടി. വെറുതേ കിട്ടിയ പദവിയല്ല. നിസ്സാര മാനദണ്ഡങ്ങളും അല്ല. ഇതിനു പിന്നിലെ ശ്രമം വളരെ വലുതാണ്. രാഷ്ട്രീയം മാറ്റിവച്ച് പ്രതിപക്ഷം വികസനത്തിന് ഒപ്പം നിൽക്കേണ്ടതായിരുന്നുവെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.