എരുമപ്പെട്ടി: ഓണവിപണിയിലെ മുഖ്യ ആകർഷണമായ ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾക്ക് ഇത്തവണയും ആവശ്യക്കാരുടെ തിരക്ക്. മികച്ച ഗുണനിലവാരമുള്ളതും തനതുമായ നേന്ത്രക്കുലകൾ സ്വന്തമാക്കാൻ എരുമപ്പെട്ടി, തയ്യൂർ പ്രദേശങ്ങളിലേക്കുള്ള ആവശ്യക്കാരുടെ വരവ് ദിനംപ്രതി വർധിച്ച് വരികയാണ്. ഉരുണ്ടതും ഏണുകളില്ലാത്തതും നീളമുള്ളതുമായ കായകളാണ് ചെങ്ങാലിക്കോടൻ നേന്ത്രകുലകളുടെ പ്രത്യേകത. പഴുത്ത കായകൾക്ക് നല്ല സ്വർണനിറവും പഴങ്ങൾക്ക് മുകളിൽ കാപ്പി കളറും ചുവപ്പും കലർന്ന വരകളുമുണ്ടായിരിക്കും.
ഭൗമസൂചിക പദവി ലഭിച്ച വാഴയിനമാണ് ചെങ്ങാലിക്കോടൻ. മച്ചാട് മലയിൽ നിന്നും ഉത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ നിക്ഷേപമേറെയുള്ള എരുമപ്പെട്ടിയാണ് ഇതിെൻറ ജന്മദേശം. യഥാർഥ ഗുണങ്ങളോടുകൂടിയ നേന്ത്രക്കുലകൾ വിളയുന്നത് ഇവിടെയാണ്.
പഴയ കാലത്ത് തലപ്പിള്ളി രാജ്യത്തിനു കീഴിലെ ചെങ്ങഴിക്കോട് നാട്ടുരാജ്യത്തുനിന്ന് ഉൽപാദിപ്പിച്ചിരുന്നതിനാലാണ് ഈ നേന്ത്ര ഇനത്തിന് ചെങ്ങഴിക്കോടൻ എന്ന് പേര് ലഭിച്ചത്. ചെങ്ങഴിക്കോടൻ പിന്നീട് ചെങ്ങാലിക്കോടനായി മാറുകയായിരുന്നു. തയ്യൂരിലെ പി.ആർ. വേലുക്കുട്ടിയെന്ന കർഷകനാണ് ഈ വർഷം ഏറ്റവുമധികം നേന്ത്രവാഴ കൃഷി ചെയ്തത്. മുവ്വായിരത്തിൽപരം വാഴയാണ് സുഹൃത്ത് ശിവശങ്കരനുമായി ചേർന്ന് ഈ പ്രദേശത്ത് കൃഷി ചെയ്തത്.
വിപണിയിൽ എത്തുന്നവയിലധികവും വ്യാജന്മാർ
എരുമപ്പെട്ടി: ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ എന്ന പേരിൽ വിപണിയിൽ എത്തുന്നവയിലധികവും വ്യാജന്മാർ. യഥാർഥ െചങ്ങാലിക്കോടൻ പഴയ ചെങ്ങഴിക്കോട് നാട്ടുരാജ്യത്തിെൻറ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നവ മാത്രമാണ്. ഈ സ്ഥലങ്ങളിലെ നേന്ത്രവാഴകൾക്കാണ് ഭൗമസൂചിക പദവിയുള്ളത്. ഇപ്പോൾ എരുമപ്പെട്ടി, വേലൂർ, പഴയ മുണ്ടത്തിക്കോട് പ്രദേശങ്ങളിലായുള്ള മങ്ങാട്, കോട്ടപ്പുറം, പഴവൂർ, പുതുരുത്തി, മുണ്ടത്തിക്കോട്, വേലൂർ, വെങ്ങിലശ്ശേരി, തയ്യൂർ, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് പഞ്ചായത്തിലെ ചില ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് ചെങ്ങഴിക്കോട് സ്വരൂപത്തിലുൾപ്പെട്ടിരുന്നത്.
എരുമപ്പെട്ടി കേന്ദ്രീകരിച്ചുള്ള ഈ നേന്ത്രവാഴ ഇനത്തിന് ഭൗമസൂചിക പദവി ലഭിച്ചതിനെ തുടർന്ന് ഇതുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിലുള്ള നേന്ത്രവാഴ കൃഷി കൂടി ചെങ്ങാലിക്കോടനാണെന്ന് പ്രചരിപ്പിച്ച് വിൽപന നടത്തുകയാണ്. യഥാർഥ ചെങ്ങാലിക്കോടനുമായി ഈ നേന്ത്രക്കുലകൾക്ക് രുചിയിലും ഘടനയിലും ഏറെ വ്യത്യാസങ്ങളുണ്ട്. ചെങ്ങാലിക്കോടെൻറ പേരിൽ കച്ചവടക്കാർ കൂടുതൽ വിലയും ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.