ജില്ല ജനറൽ സെക്രട്ടറിയുടെ സമരവേദിയിൽ പ്രസിഡൻറ്​ വന്നില്ല; ബി.ജെ.പിയിൽ ചേരിപ്പോര്

തൃശൂർ: ജില്ലയിലെ ബി.ജെ.പിയിൽ ഗ്രൂപ്പുപോര് അതിരൂക്ഷമായി. സർക്കാറിനെതിരായ വിഷയങ്ങളിൽ പ്രതിപക്ഷത്ത് അതിശക്തമായി സമരരംഗത്ത് തുടരുമ്പോഴാണ് ചേരിപ്പോരും മുറുകുന്നത്. വിവാദമായ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ ജില്ല ജനറൽ സെക്രട്ടറി നടത്തുന്ന ഉപവാസത്തിൽ സംസ്ഥാന പ്രസിഡൻറും ജനറൽ സെക്രട്ടറിയുമടക്കമുള്ളവർ എത്തിയെങ്കിലും ജില്ല പ്രസിഡൻറ്​ ഇതുവരെയും വന്നിട്ടില്ല. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം നടക്കുന്ന വടക്കാഞ്ചേരിയിൽ ജില്ല ജനറൽ സെക്രട്ടറി ടി.എസ്. ഉല്ലാസ് ബാബുവാണ് ഏഴു ദിവസം നീണ്ട ഉപവാസം നടത്തുന്നത്. സംസ്ഥാന സെക്രട്ടറിയായ എ. നാഗേഷ് ആയിരുന്നു സമരം ഉദ്ഘാടനം ചെയ്തത്.

ഞായറാഴ്ച ജില്ലയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനും തിങ്കളാഴ്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും സമരവേദിയിൽ എത്തിയെങ്കിലും ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്കുമാർ വന്നിട്ടില്ല. ജില്ല പ്രസിഡൻറ്​ അനീഷ്കുമാർ ഉപവാസമനുഷ്ഠിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്രെ. ഉല്ലാസ് ബാബുവിനെതിരെ ആരോപണങ്ങൾ ഉള്ളതിനാൽ സമരം നടത്തുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്ന് ജില്ല നേതൃത്വം സംസ്ഥാനനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ, ഉല്ലാസ് ബാബുതന്നെ സമരം നടത്തുകയായിരുന്നു.

സമരത്തി​െൻറ ഫ്ലക്സ് വെച്ചതുമായി ബന്ധപ്പെട്ടും ആക്ഷേപമുയർന്നിരുന്നു. നേതാക്കളുടെയെല്ലാം തലപ്പടംവെച്ചിരുന്നുവെങ്കിലും ജില്ല പ്രസിഡൻറായ അനീഷ്കുമാറി​െൻറ മുഖമുണ്ടായിരുന്നില്ല. പിന്നീട് നേതാക്കളുടെ തന്നെ എതിർപ്പുയർന്നതോടെ രണ്ടാംനിര നേതാക്കളുടെ പടങ്ങൾക്കിടയിൽ ജില്ല പ്രസിഡൻറി‍െൻറ മുഖവും വെക്കുകയായിരുന്നുവത്രെ.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാളാഘോഷത്തി​െൻറ ഭാഗമായി ഒരാഴ്ച നീണ്ട സേവാസപ്താഹമെന്ന സേവനപരിപാടികളുടെ ഉദ്ഘാടനത്തിലേക്ക് ജില്ലയിൽനിന്നുള്ള സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡൻറുമായ എ. നാഗേഷിനെ ക്ഷണിച്ചില്ലെന്നും വിമർശനമുണ്ട്. നാഗേഷി​െൻറ നേതൃത്വത്തിൽ സമാന്തര പാർട്ടിപ്രവർത്തനം നടത്തുന്നുവെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഏറെ അനുകൂലമായ സാഹചര്യത്തിലും പാർട്ടിയിലെ പോര് മൂക്കുന്നതിലെ അതൃപ്തിയിലാണ് മുതിർന്ന നേതാക്കൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.