കൊടുങ്ങല്ലൂർ: മൊബൈൽ ഫോണിലെ ക്ലാസ് കയറ്റം കോവിഡ്കാല വിദ്യാഭ്യാസത്തിെൻറ മറ്റൊരു കൗതുകമാകുന്നു. പുതിയ വിദ്യാഭ്യാസ വർഷത്തിന് തുടക്കം കുറിച്ചതോടെ നവാഗതർ ഒഴികെയുള്ള വിദ്യാർഥികളുടെ ക്ലാസ് കയറ്റം മൊബൈൽ ഫോണിലെ വാട്സ്ആപ് ഗ്രൂപ്പിലാണ് നടന്നത്.
ക്ലാസ് അധ്യാപകർ രജിസ്റ്റർ സൂക്ഷിക്കുമെങ്കിലും ക്ലാസ് സംവിധാനം ഫലത്തിൽ അതത് ക്ലാസുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പുകളിലാണ്. ഗ്രൂപ്പിൽ വളരെ നിഷ്പ്രയാസമായിരുന്നു ക്ലാസ് മാറ്റം. ഗ്രൂപ് അഡ്മിനായ നിലവിലുള്ള ക്ലാസ് ടീച്ചർ ലെഫ്റ്റാകുകയും കയറ്റം ലഭിച്ച ക്ലാസിലെ ക്ലാസ് ടീച്ചറെ ആഡ് ചെയ്യുകയും ചെയ്തതോടെ കോവിഡ് കാലത്തെ ക്ലാസ് കയറ്റമായി.
തോൽവി ഇല്ലാത്തതിനാൽ ഗ്രൂപ്പിലെ വിദ്യാർഥികളുടെ പേരുകൾ മാറ്റേണ്ടി വരുന്നില്ല. പുതിയ വിദ്യാർഥികളുടെ പ്രവേശനം ഉണ്ടെങ്കിൽ അവരുടെ പേരും മൊബൈൽ ഫോൺ നമ്പറുകളും കൂടി ചേർത്താൽ പുതിയ ക്ലാസായി. ഈ രീതിയിലാണ് പുതിയ ക്ലാസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ക്ലാസുകളുടെ ടൈംടേബിൾ തയാറാകുന്നതോടെ ഗ്രൂപ്പിൽ പുതിയ അധ്യാപകർ കയറാനും നിലവിലുള്ളവർ വിടാനും സാധ്യതയുണ്ട്. അതേസമയം, ക്ലാസ് കയറ്റം ലഭിച്ച വിദ്യാർഥികളുടെ എല്ലാവരുടെയും സാന്നിധ്യം ഗ്രൂപ്പുകളിൽ പൊതുവെ പ്രകടമായിരുന്നില്ല. മതിലകത്തെ ഒരു വിദ്യാലയത്തിൽ ആറാം ക്ലാസിൽ പകുതിയോളം വിദ്യാർഥികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഫോൺ ഇല്ലാത്തതിെൻറയും റേഞ്ച് തടസ്സങ്ങളും നെറ്റ്വർക്ക് പ്രശ്നങ്ങളും വിദ്യാർഥികൾ അഭിമുഖീകരിക്കുകയാണ്.
കഴിഞ്ഞ വർഷം ഏക അധ്യാപക ക്ലാസുകൾക്ക് പുറമെ ക്ലാസ് അധ്യാപകർ അഡ്മിനായി ക്ലാസ് ഗ്രൂപ്പുകൾ രൂപവത്കരിച്ചിരുന്നെങ്കിലും പലതും ഫലപ്രദമായിരുന്നില്ല.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ഷിനിജ അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സാഹിദ സ്വാഗതം പറഞ്ഞു. എസ്.ബി.ഐ റിട്ട. സീനിയർ ജനറൽ മാനേജർ വി. കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ അനിത ബാബു, പി.ടി.എ പ്രസിഡൻറ് യൂസുഫ് പടിയത്ത്, എസ്.എം.സി ചെയർമാൻ ഇബ്രാഹിം, നസീമ നവാസ്, റുഖിയ, എച്ച്.എം ഇൻ ചാർജ് ജിഷ, സിനിമ താരം നസ്ലിം, താജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.