തൃശൂർ: സർക്കാറിന്‍റെ വ്യവസായ നയങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിൽ ജില്ലയിൽ വരുന്നത് അഞ്ച് വ്യവസായ പാർക്കുകൾ. ഇതിൽ രണ്ട് സംരംഭകരുടെ ഓൺലൈൻ അപേക്ഷ ലഭിച്ചുകഴിഞ്ഞു. മറ്റ് മൂന്നു സംരംഭകർ ഓൺലൈൻ നടപടിക്രമങ്ങളിലാണെന്ന് അറിയിച്ചതായി ജില്ല വ്യവസായകേന്ദ്രം അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിൽ 10 ഏക്കറോ അതിൽ കൂടുതലോ വരുന്ന ഭൂമിയും അഞ്ച് ഏക്കർ ഭൂമിയിലുള്ള ബഹുനില വ്യവസായ സമുച്ചയങ്ങളോ ആണ് പദ്ധതിയിൽ പരിഗണിക്കപ്പെടുക. ഇവിടെ റോഡ്, വൈദ്യുതി, വെള്ളം, അഴുക്കുചാൽ, പൊതുസേവന കേന്ദ്രം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി മൂന്നുകോടി രൂപ വരെ ഭാവിയിൽ തിരിച്ചുകിട്ടുന്ന രീതിയിൽ (റീഇമ്പേഴ്സ്മെന്‍റ്) സർക്കാർ സഹായം പദ്ധതിയിൽ ലഭ്യമാകും. ഓൺലൈൻ വഴി മതിയായ രേഖകൾ സഹിതമാണ് താൽപര്യമുള്ളവർ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

സ്വകാര്യ കമ്പനികൾ, കോഓപറേറ്റിവ് സൊസൈറ്റികൾ, പാർട്ണർഷിപ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർട്യങ്ങൾ എന്നിവക്കാണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ അവസരം നൽകുന്നത്. എന്നാൽ, ഈ സ്ഥലം വാഹന ഷോറൂമുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ അല്ലെങ്കിൽ റീട്ടെയിൽ ഉപഭോക്താക്കൾക്ക് വിൽക്കുന്നതോ സേവനം നൽകുന്നതോ ആയ ഔട്ട്ലറ്റുകൾ എന്നിവക്ക് നൽകാൻ സാധിക്കില്ല. അപേക്ഷ ലഭിച്ചാൽ ഭൂമി, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യവസായം, ധനകാര്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതി. ഭൂമിയുടെ അനുയോജ്യത, വൈദ്യുതി ലഭ്യത, ജലലഭ്യത എന്നിവ പരിഗണിച്ചും അംഗീകാരം ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ നിർദിഷ്ട വികസനം നടപ്പാക്കുന്നതിനുള്ള അപേക്ഷകന്റെ സാമ്പത്തികവും സാങ്കേതികവുമായ കഴിവ് പരിഗണിച്ചുമായിരിക്കും കമ്മിറ്റി അനുമതിക്കായി ശിപാർശ നൽകുക. അപേക്ഷകൾ സ്വീകരിച്ച് 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Coming in Thrissur District, Private Industrial parks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.