അരിമ്പൂർ: നമ്പോർക്കാവ് ഉത്സവത്തോടനുബന്ധിച്ച ഗാനമേളക്കിടയിലെ അടിപിടിയുമായി ബന്ധപ്പെട്ട് അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിൽവെച്ച് സി.ഐ തോർത്തിൽ കെട്ടിയ കരിക്ക് വീശി ക്രൂരമായി മർദിച്ചതായി പരാതി.
വെളുത്തൂർ സ്വദേശിയും സി.പി.എം പ്രവർത്തകരുമായ സി.കെ. മിഥുൻ (23), അരിമ്പൂരിൽ വാടകക്ക് താമസിക്കുന്ന നടുവിൽക്കര സ്വദേശി വടക്കുംതല സുനിൽകുമാർ (50 ) എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റു നാലുപേരെയുമാണ് അന്തിക്കാട് സി.ഐ മർദിച്ചത്. ഇവരെ തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഗാനമേളക്കിടയിലുണ്ടായ തർക്കങ്ങളിൽ പൊലീസ് ഇടപെടുകയും അതുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഒരു വിഷയത്തിലും ഉൾപ്പെടാതെ നിന്ന രണ്ട് സി.പി.എം പ്രവർത്തകരെയും ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നെന്നുമാണ് ആക്ഷേപം.
വിവരമറിഞ്ഞ് മുരളി പെരുനെല്ലി എം.എൽ.എ ഉന്നത പൊലീസ് അധികാരികളുമായി സംസാരിച്ചതിനെ തുടർന്ന് ഇവരെ വിട്ടയച്ചു. ഇതോടെയാണ് മർദന വിവരം പുറത്തറിഞ്ഞത്. ഇതോടെ വൻ പ്രതിഷേധമുയർന്നു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, സി.പി.എം അരിമ്പൂർ ലോക്കൽ സെക്രട്ടറി കെ.ആർ. ബാബുരാജ്, ജനപ്രതിനിധികളായ സി.ജി. സജീഷ്, കെ. രാഗേഷ്, സി.പി.എം അരിമ്പൂർ ലോക്കൽ കമ്മിറ്റി അംഗം ഇ.കെ. ജയപ്രകാശ്, വെളുത്തൂർ ബ്രാഞ്ച് സെക്രട്ടറി ടി.പി. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് മർദനമേറ്റവരെ ജില്ല ആശുപത്രിയിൽ എത്തിച്ചത്.
ഇതേ സി.ഐ നേരത്തേയും സമാന രീതിയിൽ സി.പി.എം പ്രവർത്തകരെ കരിക്കുകൊണ്ട് അടിച്ചതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്നാംമുറ മർദനമാണ് സി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
അതേസമയം, ഗാനമേളക്കിടയിൽ പലതവണ സംഘർഷം ഉണ്ടായതായും ഇവരെ പിടികൂടി കൊണ്ടുപോയി വിട്ടയക്കുക മാത്രമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.