തൃശൂർ: പൊലീസ്, ഡി.വൈ.എഫ്.ഐ അക്രമം തുടർന്നാൽ മുഖ്യമന്ത്രിയെ തടയുന്നത് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചതിന് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ജില്ലതല ഉദ്ഘാടനം തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജലപീരങ്കി പ്രയോഗത്തിൽ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റോ മങ്കൊടിയാന്റെ വലതു കൈ ഒടിഞ്ഞു. ആന്റോയെ ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ, ജനറൽ സെക്രട്ടറിമാരായ കെ.എച്ച്. ഉസ്മാൻ ഖാൻ, രവി ജോസ് താണിക്കൽ, അഡ്വ. സുബി ബാബു, വിൻസെന്റ് കാട്ടൂക്കാരൻ, മണ്ഡലം പ്രസിഡന്റുമാരായ ജോർജ് ചാണ്ടി, കെ. ഗോപാലൻ, ജേക്കബ് പുലിക്കോട്ടിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുമേഷ്, കോൺഗ്രസ് നേതാക്കളായ ടി.ആർ. സന്തോഷ്, പി.യു. ഹംസ, ഹാപ്പി മത്തായി, ജോഷി തട്ടിൽ, അഡ്വ. ജെറോം മഞ്ഞില എന്നിവർ സംസാരിച്ചു.
ജില്ലയിലെ 37 പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. വലപ്പാട്ട് ടി.എൻ. പ്രതാപൻ എം.പി, മണ്ണുത്തിയിൽ എം.പി വിൻസെന്റ്, കുന്നംകുളത്ത് ടി.വി. ചന്ദ്രമോഹൻ എന്നിവർ ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ പേരിൽ സംസ്ഥാനത്താകെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.