പുന്നയൂര്‍ക്കുളം: കടിക്കാട്-പുന്നയൂര്‍ക്കുളം ഗ്രൂപ്പ് വില്ലേജ് ഓഫിസ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയതിനെച്ചൊല്ലി വിവാദം. ആൽത്തറയിൽ പുന്നയൂർക്കുളം പഞ്ചായത്ത് കാര്യാലയത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫിസാണ് പുന്നൂക്കാവ്-തൃപ്പറ്റ് റോഡിലെ കെ. കരുണാകരന് കോണ്‍ഗ്രസ് ഭവന് മന്ദിരത്തിലെ മുകള്‍ നിലയിലേക്ക് മാറിയത്.
ബുധനാഴ്ച രാവിലെയാണ് പുതിയ ഓഫിസിെൻറ 'ഉദ്ഘാടനം' നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ പി. ഗോപാലന്, കുന്നംകാട്ടില്‍ അബൂബക്കര്‍, എന്‍.ആര്. ഗഫൂര്‍, മൂത്തേടത്ത് മുഹമ്മദ് തുടങ്ങിയവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പുതിയ ഓഫിസിെൻറ ഉദ്ഘാടന ചടങ്ങ് നടത്തിയപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. ഇതോടെ പ്രതിഷേധവുമായി പഞ്ചായത്തും വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. ഓഫിസ് മാറ്റുന്ന കാര്യം പഞ്ചായത്തിനെ അറിയിച്ചിരുന്നില്ലെന്ന് പ്രസിഡൻറ് ജാസ്മിന് ഷഹീര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചില്ലെന്ന് വിവിധ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
നിലവിലെ കെട്ടിടം പൊളിക്കുന്നതിനു വേണ്ടിയാണ് പുതിയ ഓഫിസിലേക്ക് മാറ്റുന്നതെന്ന് വില്ലേജ് ഓഫിസര്‍ പി.വി. ഫൈസല്‍ പറഞ്ഞു. വാടക സൗജന്യമായതിനാലാണ് പാര്‍ട്ടി കെട്ടിടം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഓഫിസിലേക്ക് അതീവ രഹസ്യമായി വില്ലേജ് ഓഫിസ് മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. പഞ്ചായത്തിലെ ഒരു സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും വില്ലേജ് അധികൃതര്‍ കാട്ടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിന് ഷഹീര്‍ ആരോപിച്ചു. തെറ്റായ നടപടിയാണെന്ന് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് പറഞ്ഞു. ഇതേക്കുറിച്ച് എം.എല്‍.എ തഹസില്‍ദാരുടെ വിശദീകരണം തേടി.
പുന്നയൂർക്കുളം സഹകരണ ബാങ്ക് നില്ക്കുന്ന വസ്തുവിെൻറ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാനുള്ള മുന്‍കൂര്‍ പാരിതോഷികമായാണ് ഓഫിസ് നല്‍കിയതെന്ന് പരൂർ കോള്‍പടവ് കമ്മിറ്റിയും ആരോപിച്ചു. വാടക സൗജന്യമാണെന്നു കരുതി പാര്‍ട്ടി കെട്ടിടത്തിലേക്ക് സര്‍ക്കാര്‍ ഓഫിസിനെ മാറ്റിയത് ശരിയായില്ലെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.ടി. പ്രവീണ്‍ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.