തൃശൂർ: എങ്ങനെയും പണം സമ്പാദിക്കണമെന്ന ആഗ്രഹത്തെ ചൂഷണം ചെയ്ത് സൈബർ തട്ടിപ്പുകാർ വിലസുന്നു. വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് സൈബർ മോഷ്ടാക്കൾ പുതിയ തട്ടിപ്പുമായി രംഗത്തുവന്നത്. ആപ്പിലൂടെ പണം നിക്ഷേപിച്ച് ഇരട്ടിയിലധികം തുക വാഗ്ദാനം നൽകിയാണ് പുതിയ ചതിക്കുഴി ഒരുക്കിയിരിക്കുന്നത്.
ചെറിയ സംഖ്യക്ക് ഇരട്ടിയിലധികം തുക കൂടുതലായി ആദ്യം നൽകും. പിന്നാലെ വലിയ തുകകൾക്കും സമാന ഓഫറുകൾ നൽകും. ഓഫർ തുക നിക്ഷേപിച്ചതായി ആപ്പിൽ കാണുകയും ചെയ്യും. എന്നാൽ, ഈ തുക പിൻവലിക്കാൻ അവയുടെ നികുതി കൂടി ആവശ്യപ്പെടും.
നികുതി അടച്ചാലും തുക പിൻവലിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് സൈബർ മോഷ്ടാക്കൾ മുങ്ങുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാധികളാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. എന്നാൽ, പണം തട്ടിയെടുത്തതിന് പിന്നാലെ ഇത്തരക്കാരെ കാണാനുമുണ്ടാവില്ല. ഇടവേളക്ക് ശേഷം വീണ്ടും മറ്റു വമ്പൻ കമ്പനികളുടെ പേരിൽ എത്തി വീണ്ടും പണം തട്ടുകയാണ് ഇവർ ചെയ്യുന്നത്.
പാർട്ട് ടൈം ജോലി, വീട്ടിലിരുന്ന് വരുമാനം, മൊബൈൽ ഫോണും ഇന്റർനെറ്റുമുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം തുടങ്ങിയ വ്യാജ സന്ദേശങ്ങൾ വാട്സ്ആപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാമിലും ആദ്യം തട്ടിപ്പുകാർ നൽകും. ആളുകളെ വിശ്വാസത്തിലെടുക്കാൻ ആമസോൺ അടക്കം വമ്പൻ കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
വ്യാജ വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാൻ ലിങ്കും നൽകും. ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്തുന്നതോടെ വാട്സ്ആപ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പിലേക്ക് ആളുകളെ ചേർക്കുകയും ചെയ്യും.
വിദ്യാസമ്പന്നരായ ആളുകളാണ് ഇത്തരം തട്ടിപ്പുകളിൽ അധികവും പെടുന്നത്. ഡിജിറ്റൽ പണമിടപാട് അറിയുന്ന വിവരസാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്നവരാണവർ. ഇത്തരക്കാരെയാണ് തട്ടിപ്പുകാർ വീഴ്ത്തുന്നത്.
മാത്രമല്ല വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്ന പുതുതലമുറയാണ് കുടുങ്ങിയവരിലധികവും. വിവിധ സോഫ്റ്റ്വെയർ കമ്പനികളിൽ ജോലി ചെയ്യുന്നവരും പണം നഷ്ടപ്പെട്ടവരിലുണ്ട്. യുവതികളും കുടുംബിനികളും കൂട്ടത്തിലുണ്ട്.
ആപ് ഇൻസ്റ്റാൾ ചെയ്ത് ഇതിൽ 200 രൂപ നിക്ഷേപിക്കാൻ നിർദേശിക്കുന്നു. 200 രൂപ നിക്ഷേപിക്കുമ്പോൾ 500 രൂപ പ്രതിഫലം ലഭിക്കും. ബാങ്ക് അക്കൗണ്ടിൽ എത്തുന്ന തുക പിൻവലിക്കാം. പണം ലഭിച്ച ആളുടെ സന്തോഷം മനസ്സിലാക്കി തുടർന്ന് വിവിധ ടാസ്കുകൾ നൽകുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ രണ്ടുലക്ഷം പ്രതിഫലം വാഗ്ദാനം നൽകും. രണ്ടുലക്ഷം ലഭിച്ചതായി ആപ്പിൽ തെളിയും.
തുടർന്നും നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടിയോളം പ്രതിഫലം ലഭിച്ചതായി ആപ്പിൽ രേഖപ്പെടുത്തും. ഇവിടെയാണ് തട്ടിപ്പ്. എന്നാൽ, ഈ തുക പിൻവലിക്കാനാവില്ല. കടം വാങ്ങിയും പിന്നെയും പണം നിക്ഷേപിക്കും. പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതിനുവേണ്ട നികുതി തുകയും അടക്കാൻ പറയും. അപ്പോൾ അതും നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.