തൃശൂർ: ജില്ലതല ഓണാഘോഷം ആഗസ്റ്റ് 28ന് ആരംഭിക്കും. പുലിക്കളി മത്സരത്തോടെ സമാപിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. മന്ത്രി കെ. രാജന് ചെയര്‍മാനും കലക്ടര്‍ വി.ആര്. കൃഷ്ണതേജ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്, ഡോ. ആര്. ബിന്ദു, മേയര്‍ എം.കെ. വര്‍ഗീസ്, എം.പിമാരായ ടി.എന്‍. പ്രതാപന്, ബെന്നി ബെഹനാന്, രമ്യ ഹരിദാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. പി. ബാലചന്ദ്രന് എം.എല്‍.എ കണ്‍വീനറും എ.ഡി.എം ടി. മുരളി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി. സുബൈര്‍കുട്ടി, ഡി.ടി.പി.സി സെക്രട്ടറി ജോബി ജോര്‍ജ് എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരുമാണ്.
ജില്ലയിലെ എം.എല്‍.എമാര്‍ ചെയര്മാന്മാരും വകുപ്പ് തലവന്മാര് കണ്‍വീനര്‍മാരുമായി 10 സബ് കമ്മിറ്റികള്‍ക്കും മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് അനക്സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം രൂപം നല്കി. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍, അക്കാദമി ചെയര്മാന്മാര്, ദേവസ്വം ബോര്‍ഡ് ചെയര്മാന്, സ്ഥാപന മേധാവികള്‍ തുടങ്ങിയവരും ഉള്‍പ്പെട്ടതാണ് സംഘാടക സമിതി.
തേക്കിൻകാട് മൈതാനിയിൽ സി.എം.എസ് സ്കൂളിന് എതിര്‍വശം പ്രത്യേകം തയാറാക്കുന്ന വേദിയില്‍ ദിവസവും കലാപരിപാടികള്‍ അരങ്ങേറും. പ്രാദേശിക കലാകാരന്മാര്ക്കും കലാസംഘങ്ങള്‍ക്കും മുന്‍ഗണന നല്‍കും. വിവിധ അക്കാദമികളുടെയും വകുപ്പുകളുടെയും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെയും പങ്കാളിത്തം ഉറപ്പാക്കും. വ്യാപാരി സമൂഹവുമായി സഹകരിച്ച് നഗരവീഥികളും ഷോപ്പുകളും അലങ്കരിക്കും. മികച്ച ദീപാലങ്കാരത്തിന് ആഘോഷങ്ങളുടെ സമാപന ദിവസം സമ്മാനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഓണാഘോഷ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ നൈറ്റ് ഷോപ്പിങ്ങിന് സൗകര്യം ഒരുക്കും. ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് തേക്കിന്‍കാട് മൈതാനിയില്‍ മെഗാ തിരുവാതിര സംഘടിപ്പിക്കും. ജില്ലതല ഓണാഘോഷ പരിപാടികള്‍ക്ക് പുറമെ, ജില്ലയിലെ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകളിലും മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളിലും വിപുലമായ രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ടശാംകടവ് ജലോത്സവം -ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ് ട്രോഫി ആഗസ്റ്റ് 30ന് നടക്കും. മണലൂർ-വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്ടശാംകടവ് വള്ളംകളി സംഘടിപ്പിക്കുന്നത്. ജലോത്സവത്തോടനുബന്ധിച്ച് വടംവലി, ഗാനമേള, പഞ്ചഗുസ്തി മത്സരം, ചെസ് മത്സരം, ഫുഡ് ഫെസ്റ്റ്, വാട്ടർ ഷോ, നീന്തൽ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.