തൃശൂർ: ലഹരി വസ്തുക്കളും സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുന്നത് മാത്രമല്ല, ദുരന്ത സ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങളുമടക്കമുള്ളവയുടെ വിസ്മയ പ്രകടനങ്ങൾ അവതരിപ്പിച്ച് കേരള പൊലീസിലേക്ക് 23 ശ്വാനന്മാർ കൂടി. 23 ശ്വാനന്മാരും അവയുടെ 46 ഹാൻഡലർമാരുമാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. മനോഹരമായ ഡോഗ് മാർച്ച് പാസ്റ്റും സല്യൂട്ടും വിസ്മയകരമായ പ്രകടനങ്ങളും കാണികളെ അത്ഭുതത്തിലാക്കി.
രാമവർമപുരത്തെ പൊലീസ് അക്കാദമി ഡോഗ് ട്രെയിനിങ് സ്കൂളിലായിരുന്നു ഒമ്പത് മാസം നീണ്ടു നിന്ന ശ്വാന സേനയുടെ തീവ്ര പരിശീലനം. 16 ബെൽജിയം മാലിനോയ്സ്, നാല് ജർമൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ എന്നീ വിഭാഗങ്ങളിൽ പെടുന്ന ഓരോ നായകളുമടങ്ങിയ ടീമാണ് പരിശീലനം പൂർത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത്. ഇവയിൽ 12 എണ്ണം ആണും 11 എണ്ണം പെൺശ്വാനന്മാരുമാണ്.
മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഡി.ജി.പി മെഡലുകൾ നൽകി. സബ് ഇൻസ്പക്ടർമാരിൽ ബെസ്റ്റ് ഇൻഡോർ ആയി കോഴിക്കോട് പന്തീരങ്കാവ് സ്വദേശി വി.വി. ശൈലേശ്, ബെസ്റ്റ് ഔട്ട് ഡോറായി പരേഡ് കമാൻഡർ മലപ്പുറം ഹാജിയാർ പള്ളി സ്വദേശി എൻ. നുഹ്മാൻ, ബെസ്റ്റ് ഷൂട്ടർ മലപ്പുറം കാളമ്പാടി സ്വദേശി എം. ഹബീബ് എന്നിവരും സ്പെഷൽ റിക്രൂട്ട്സിലെ ബെസ്റ്റ് ഇൻഡോറായി വയനാട് പുൽപ്പള്ളി സ്വദേശി കെ.ബി. ഷിജു, ബെസ്റ്റ് ഷൂട്ടർ വയനാട് ആനപ്പാറ ചൂണ്ടൽ സ്വദേശി പി.കെ. സായൂജ്, ബെസ്റ്റ് ഔട്ട് ഡോർ വയനാട് ആനപ്പാറ എ.എസ് സജിൻ എന്നിവരും എല്ലാ മേഖലയിലും മികവ് പുലർത്തിയതിന് ബെസ്റ്റ് ഓൾ റൗണ്ടറായി സബ് ഇൻസ്പെക്ടർമാരിൽ മലപ്പുറം സ്വദേശി എൻ. നുഹ്മാൻ, സ്പെഷൽ റിക്രൂട്ട്സിൽ അജിത ഗണേശൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.