അതിരപ്പിള്ളി: കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് അകറ്റാൻ അതിരപ്പിള്ളിയിൽ ജനകീയ പട്രോളിങ് ആരംഭിച്ചു. കാട്ടാനകളുടെ സാന്നിധ്യം കൂടുതലുള്ള പിള്ളപ്പാറ, കണ്ണൻകുഴി മേഖലകളിലാണ് 50 പേരടങ്ങുന്ന സംഘം ഇറങ്ങിയത്. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എസ്. സതീഷ് കുമാർ, കെ.എസ്. സുനിൽകുമാർ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പട്രോളിങ്. ബദൽ സംവിധാനം ഉണ്ടാകും വരെ ഇത് തുടരാനാണ് തീരുമാനം. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയുകയാണ് ചെയ്യുന്നത്. അതോടൊപ്പം രാത്രി ആനകൾ വരാതിരിക്കാൻ ചിലയിടങ്ങളിൽ സുരക്ഷിതമായ രീതിയിൽ തീയിടുകയും ചെയ്യുന്നു. വനനിയമങ്ങൾ പാലിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്.
വനപാലകരും പട്രോളിങ് നടത്തുന്നുണ്ട്. അഞ്ചു വയസ്സുകാരിയെ കാട്ടാന കൊലപ്പെടുത്തുകയും ബന്ധുക്കളെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് വിമർശനം ഉയർന്നതോടെ വനം വകുപ്പ് മേഖലയിൽ പട്രോളിങ് കാര്യക്ഷമമാക്കിയിട്ടുണ്ട്.
കാട്ടാനകളുടെ വർധനവിനെ തുടർന്നുണ്ടായ ഭക്ഷ്യ, വെള്ള ക്ഷാമമാണ് ആനകളെ ജനവാസ മേഖലയിൽ എത്തിക്കുന്നത്. തുമ്പൂർമുഴി മുതൽ അതിരപ്പിള്ളി വരെയുള്ള ഭാഗങ്ങളിലാണ് ഇവയുടെ സാന്നിധ്യമേറെയും. വന്യമൃഗങ്ങൾ എത്താതിരിക്കാൻ കാടും ജനവാസ മേഖലയും തമ്മിൽ വേർതിരിക്കുന്ന കരിങ്കൽ ഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. എന്നാൽ, വൻ ചെലവ് വരുന്നതിനാൽ പ്രായോഗികമാകാൻ സമയമെടുക്കും. വേലിയും കിടങ്ങും പല ഭാഗത്തും ഉണ്ടെങ്കിലും അവ മറികടന്നാണ് കാട്ടാനകൾ നാട്ടിലെത്തുന്നത്. ആക്രമണകാരികളായ മൃഗങ്ങൾ നാട്ടിൽ വീണ്ടും തിരിച്ചെത്താത്ത വിധം കാട് കയറ്റിവിടാൻ വനം വകുപ്പ് സംവിധാനം ഒരുക്കണമെന്നും ജനവാസ മേഖലയിൽ കാട്ടുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ചാലക്കുടി വനമേഖലയിൽ റാപ്പിഡ് റെസ്പോൺസ് ടീം അനുവദിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
കാട്ടാനകളെ അകറ്റാൻ നടപടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നിസ് കെ. ആന്റണിയുടെ നേതൃത്വത്തിൽ വനം മന്ത്രി ശശീന്ദ്രന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.