തൃശൂർ: പുതുവർഷം പിറന്ന് അഞ്ചുമാസം കഴിയവേ ജില്ല ദീനക്കിടക്കയിലാണ്. എങ്ങും പനി. ഒപ്പം ഷിഗെല്ലും. നേരത്തേ ഒരു വെസ്റ്റ് നൈൽ മരണത്തിനൊപ്പം ഇപ്പോൾ ഒരുകോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ രണ്ടക്കത്തിൽ ഉണ്ടായിരുന്ന കോവിഡ് നിലവിൽ മൂന്നക്കത്തിലേക്ക് കളംമാറി ചവിട്ടിയിട്ടുണ്ട്. ഒപ്പം പനി വല്ലാതെ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. മുതിർന്നവരും കുട്ടികളും സ്ത്രീകളും അടക്കം പനി ബാധിച്ചവർ വല്ലാതെ ബുദ്ധിമുട്ടുകയാണ്.
സർക്കാർ ആശുപത്രികളിൽ അടക്കം പ്രതിദിനം എത്തുന്ന രോഗികളുടെ എണ്ണം പെരുകുകയാണ്. കാലവർഷം തിമിർക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ മലിനമായ ജലം, വായു, ആഹാരം എന്നിവയിലൂടെയും കൊതുക്, ഈച്ച മുതലായവ പരത്തുന്നതിലൂടെയുമാണ് പകര്‍ച്ചവ്യാധികൾ ഉണ്ടാകുന്നത്. മഴക്കാലത്ത് സാധാരണയായി വരുന്ന രോഗങ്ങളാണ് ചികുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ. ഈഡിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. മഴ കുറച്ചുകൂടി കനക്കുന്നതോടെ എലിപ്പനിയും പടർന്നു പിടിക്കാനിടയുണ്ട്. നിലവിൽ ഡെങ്കിപ്പനിയും എലിപ്പനിയും വല്ലാതെ കൂടിയ സാഹചര്യം ജില്ലയിൽ നിലവിലില്ല. പക്ഷേ കരുതിയിരുന്നില്ലേൽ കാര്യം കൈവിടുന്ന സാഹചര്യമാണുള്ളത്.
കൊതുക് സാന്ദ്രതകൂടി
തൃശൂർ: മഴയും വെയിലും ഇടകലർന്ന നാളുകളിൽ കൊതുക് പ്രജനനം ഏറുകയാണ്. ഇഷ്ടികക്കളങ്ങളുള്ള മേഖലകൾ, മലയോര മേഖലകൾ, കുടിവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ അടക്കം കൊതുക് കൂടുകയാണ്. പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
വീട്ടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ശാസ്ത്രീയമായി ഒഴുക്കിക്കളയണം. വാട്ടർ കൂളറിലെ വെള്ളം ആഴ്ചതോറും മാറ്റുക. പഞ്ചായത്തും മറ്റ് സംഘടനകളും നടത്തുന്ന കൊതുകുനശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. വീടിന്‍റെ സൺഷേഡുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശ്രദ്ധ വേണം
തൃശൂർ: അംഗൻവാടികളും നഴ്സറികളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ കുട്ടികളിലും അസുഖം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലദോഷം, ചുമ, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയുള്ള കുട്ടികളെ സ്കൂളുകളിലേക്ക് പറഞ്ഞുവിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുടെ പനിയടക്കം അസുഖങ്ങൾ നിസ്സാരമായി കാണരുത്. വിദ്യാർഥികളുടെ വാക്സിനേഷൻ പ്രവർത്തനം പുരോഗമിക്കുകയാണ്. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ ഒന്നാംഘട്ട വാക്സിനേഷൻ 99 ശതമാനം പൂർത്തിയായി. രണ്ടാംഘട്ട വാക്സിനേഷൻ 87 ശതമാനവും പൂർത്തിയായി. 12 മുതൽ 14 വയസ്സുവരെ കുട്ടികളിൽ ആദ്യ ഡോസ് 67 ശതമാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.