തൃശൂർ: പുഴക്കൽ പാടത്ത് രണ്ടുതവണയായി വൻ തീപിടിത്തം. ഒഴിഞ്ഞ പറമ്പിലെ പുൽക്കാടുകൾക്കാണ് തീപിടിച്ചത്. ഉച്ചയോടെ പടർന്ന് പിടിച്ച തീ രണ്ടുതവണയായി മണിക്കൂറുകളോളമാണ് മേഖലയെ ഭീതിയിലാക്കിയത്. തൃശൂർ-ഗുരുവായൂർ റോഡിൽ തീയും പുകയും നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി.
ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഉച്ചക്ക് രണ്ടിന് ആരംഭിച്ച തീപിടിത്തം വൈകീട്ട് ആറോടെയാണ് അണച്ചത്. തൃശൂരിൽനിന്നും കുന്നംകുളത്തുനിന്നുമുള്ള അഗ്നിരക്ഷസേന നേതൃത്വം നൽകി.
നിക്ഷേപത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്ട്രോങ് സ്ഥാപനത്തിന്റെ കോർപറേറ്റ് ഓഫിസിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിലെ പുല്ലിനാണ് തീപടർന്നത്. അപകടസാധ്യതയെ തുടർന്ന് പൊലീസ് എത്തി ഗതാഗതം താൽക്കാലികമായി തടഞ്ഞു.
ഇതിന് ശേഷമാണ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചത്. മണിക്കൂറുകൾക്കുശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.അതേസമയം, കുരുക്കഴിക്കാനായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന പൂങ്കുന്നം-കുന്നകുളം റോഡിന്റെ ഒരുഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ കടുത്ത പൊടിപടലങ്ങൾകൊണ്ട് യാത്ര ദുരിതമായി. ഇരുചക്രവാഹനങ്ങളാണ് ഏറെ ദുരിതം അനുഭവിച്ചത്.
പഴയന്നൂർ: ഫയർ ലൈൻ ഒരുക്കാത്തതിനാൽ പാതയോരങ്ങളിലെ വനഭൂമികൾ കാട്ടുതീ ഭീഷണിയിൽ. എളനാട് വെന്നൂർ ഭാഗത്താണ് വനത്തോട് ചേർന്ന് റോഡരികിൽ ഉണങ്ങിയ കരിയിലകൾ നീക്കം ചെയ്യാതെ കിടക്കുന്നത്. മുൻവർഷങ്ങളിൽ നവംബർ മുതൽ കൃത്യമായി ഫയർലൈൻ ഒരുക്കിയിരുന്നെങ്കിലും ഇപ്പോൾ ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രധാന പ്രശ്നമായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വാച്ചർമാരെ ഉപയോഗിച്ച് ചിലയിടത്ത് ഫയർലൈൻ തീർക്കുന്നുണ്ടെങ്കിലും പൂർണതോതിൽ ഫലവത്താകുന്നില്ല. റോഡരികിൽ കുന്നുകൂടിയ കരിയിലയിൽ ഒരു തീപ്പൊരി മതി കാടിനെ തീ വിഴുങ്ങാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.