തൃശൂർ: റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ആൾക്ക് നിയമനം നിഷേധിച്ചു. ഹൈകോടതി പറഞ്ഞപ്പോൾ ശമ്പളം നൽകില്ലെന്ന വ്യവസ്ഥയിൽ നിയമനം നൽകി. ഹൈകോടതി ഉത്തരവിനെതിരെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സുപ്രീംകോടതിയിൽ നൽകിയ അപ്പീലും തള്ളി. സി.പി.ഐക്കാരായ കൃഷി മന്ത്രി പ്രോ. ചാൻസലറും റവന്യൂ മന്ത്രി ഭരണസമിതി അംഗവുമായ കേരള കാർഷിക സർവകലാശാലയിലാണ് ഈ നാടകങ്ങൾ. 'നിയമന മേള'യെന്ന് ആക്ഷേപമുയർന്ന, നൂറുകണക്കിന് അധ്യാപകരുടെ നിയമനം ആരോപണങ്ങളുടെ അകമ്പടിയോടെ നടന്ന സർവകലാശാലയാണ് യോഗ്യതയുള്ളയാൾക്ക് നിയമനം നിഷേധിക്കാൻ ഉത്സാഹം കാണിച്ചത്.
സർവകലാശാലയുടെ തവനൂർ കാർഷിക എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ് അസി. പ്രഫസർ നിയമനത്തിന് 2016 മാർച്ചിലാണ് വിജ്ഞാപനം നടത്തി പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയത്. 2019 ഫെബ്രുവരി 19ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ൈവശാഖ് വേണു ഒന്നാം സ്ഥാനത്തെത്തി.
പട്ടികയുടെ കാലാവധി അവസാനിക്കാറായിട്ടും നിയമനം നൽകാത്തതിനാൽ വൈശാഖ് ഹൈകോടതിയെ സമീപിച്ചു. നിയമനം നൽകണമെന്ന ഹൈകോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർവകലാശാല ജനറൽ കൗൺസിൽ യോഗത്തിൽ ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിനിധികൾ വിഷയം ഉന്നയിച്ചപ്പോൾ ഡിവിഷൻ ബെഞ്ച് വിധി എന്താണെങ്കിലും നടപ്പാക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകി.
ഡിവിഷൻ ബെഞ്ചും വൈശാഖിന് നിയമനം നൽകാൻ ഉത്തരവിട്ടപ്പോൾ നിർവാഹമില്ലാതെ നിയമനം നൽകിയെങ്കിലും ആറ് മാസത്തിലധികമായ ശമ്പളം നൽകിയിട്ടില്ല. മാത്രമല്ല, ഹൈകോടതിയിലെ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസലിെൻറ നിയമോപദേശം അവഗണിച്ച് ഉത്തരവ് റദ്ദാക്കിക്കിട്ടാൻ സുപ്രീംകോടതിയെ സമീപിക്കാനാണ് വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു തീരുമാനിച്ചത്. ഈ അപ്പീലാണ് ഇപ്പോൾ തള്ളിയത്. ചന്ദ്രബാബു വി.സിയായി ചുമതലയേറ്റ ശേഷം നടത്തിയ കോടതി വ്യവഹാരങ്ങളെല്ലാം വിവാദമായിട്ടുണ്ടെന്ന് ടീച്ചേഴ്സ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഒരു സീനിയർ അധ്യാപികയെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയതിന് എതിരായ ഉത്തരവിനെതിരെ സ്റ്റാൻഡിങ് കോൺസലിെൻറ ഉപദേശം മറികടന്ന് അപ്പീൽ നൽകിയ സർവകലാശാലക്ക് തിരിച്ചടിയേറ്റിരുന്നു.
ജനറൽ കൗൺസിൽ യോഗത്തിൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്ത സമീപനമാണ് വി.സിയുടേതെന്ന് ഓർഗനൈസേഷൻ ആരോപിക്കുന്നു. ഒന്നര വർഷമായി എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.
സർവകലാശാല ആസ്ഥാനം നിൽക്കുന്ന മണ്ഡലത്തിെൻറ എം.എൽ.എ എന്ന നിലക്ക് റവന്യൂ മന്ത്രി കെ. രാജൻ മാത്രമാണ് ഇപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം. ഈ സാഹചര്യം മുതലെടുത്ത് വി.സിയും ഔദ്യോഗിക അംഗങ്ങളും തന്നിഷ്ടം കാണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വൈശാഖ് വേണുവിെൻറ നിയമനം സ്ഥിരപ്പെടുത്തി ശമ്പളം നൽകണമെന്നും ജനറൽ കൗൺസിൽ നാമനിർദേശം പൂർത്തിയാക്കി എക്സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തണമെന്നും ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.