അതിരപ്പിള്ളി: അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നവരെ കുരങ്ങുകൾ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു. ഭക്ഷണ പദാർഥങ്ങൾ കൈവശം വെക്കുന്നവരാണ് മിക്കവാറും കുരങ്ങന്മാരുടെ ആക്രമണത്തിന് വിധേയരാകുന്നത്. ഭക്ഷണം ലഭിക്കുന്നത് കുറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസവും അതിരപ്പിള്ളിയിൽ കുരങ്ങിന്റെ ആക്രമണം നേരിട്ടതായി സന്ദർശകർ പരാതി ഉന്നയിച്ചിരുന്നു. കുട്ടിയുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞ അമ്മയെ മാന്തി പരിക്കേൽപിക്കുകയാണ് ചെയ്തത്. ഇത് തടയാൻ അധികൃതർ ഫലപ്രദമായ മാർഗം സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
തുമ്പൂർമുഴിയിലും വാഴച്ചാലിലും കുരങ്ങന്മാർ ഉണ്ടെങ്കിലും ശല്യമുണ്ടാക്കുന്നില്ല. അതിരപ്പിള്ളി ടൂറിസം സെന്ററിലുള്ളവയാണ് കൂടുതൽ അക്രമസ്വഭാവം കാണിക്കുന്നത്. ഇവിടെ കൂടുതൽ എണ്ണമുണ്ട്. സന്ദർശകരുടെ ഭക്ഷണം തട്ടിയെടുക്കുകയും ഭക്ഷണമുണ്ടെന്ന സംശയത്തിൽ ബാഗ് തട്ടിപ്പറിച്ച് മരത്തിനു മുകളിൽ കയറി പോവുകയുമാണ് ചെയ്യുന്നത്.
എന്നാൽ, പരാതികൾക്കെതിരെ അധികൃതർ കൈമലർത്തുകയാണ്. മുൻകാലങ്ങളിൽ സന്ദർശകർ ഭക്ഷണം നൽകിയതിന്റെ പൊല്ലാപ്പാണ് ഇതെന്നാണ് അവർ പറയുന്നത്.
മനുഷ്യർ ഭക്ഷണം നൽകി ശീലിപ്പിച്ചതിനാൽ കാട്ടിനുള്ളിൽ പ്രകൃതിദത്തമായ ഭക്ഷണം തേടി ഇവ പോകുന്നില്ല. ആക്രമണ സാധ്യത സംബന്ധിച്ച് ടിക്കറ്റ് കൗണ്ടറുകളിൽ സന്ദർശകർക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയാൽ മുൻകരുതലെടുക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.