തൃശൂർ: നഗരപാതയോരങ്ങളിൽ എങ്ങും മാലിന്യക്കൂന. ജൈവ - അജൈവ മാലിന്യം തളം കെട്ടിനിൽക്കുന്ന കാഴ്ചയാണ് എവിടെയും. ശക്തനിലെ കണ്ണായ മേഖലയിൽ ഏക്കർ കണക്കിന് സ്ഥലം മാലിന്യ ശേഖരണത്തിനായി ഒഴിച്ചിടുമ്പോഴാണ് വിവിധ മേഖലകളിൽ പ്രതിദിനം പുതിയ മാലിന്യക്കൂനകൾ ഉണ്ടാവുന്നത്.
മാലിന്യ ശേഖരണ - സംസ്കരണത്തിന് ഒരു നയവും കോർപറേഷന് ഇല്ലാത്തതാണ് കാര്യങ്ങൾ വഷളാക്കുന്നത്. ഒരു ഭാഗത്ത് കൊതുക് പ്രജനന കേന്ദ്രവും മറുഭാഗത്ത് തെരുവ് നായ്ക്കളുടെ ആവാസ കേന്ദ്രവും ആവുകയാണ് ഇത്തരം കൂനകൾ. കാറ്ററിങ് സ്ഥാപനങ്ങളിൽനിന്നുള്ള മാംസവിഭവങ്ങൾ അടക്കം പാതയോരങ്ങളിലേക്ക് വലിച്ചെറിയുകയാണ്. മാലിന്യക്കൂനകങ്ങളിൽനിന്നും കിനിയുന്ന മലിനജലം സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെയും മലിനമാക്കുന്നുണ്ട്.
പുതുതായി രൂപപ്പെടുന്ന മാലിന്യക്കൂനകൾ നീക്കം ചെയ്യുന്നതിൽ ശുചീകരണ തൊഴിലാളികൾ വിമുഖത കാണിക്കുകയാണ്. നിശ്ചയിച്ചു നൽകിയ മേഖലകളിൽ പോലും പണി പൂർത്തിയാക്കാൻ ആവാത്ത സാഹചര്യമാണെന്ന് അവർ പറയുന്നു.
കാൽവരി റോഡിൽനിന്ന് അടിയാട്ട് ലെയ്നിലേക്ക് തിരിയുന്നിടം റോഡരികിൽ വൻ മാലിന്യക്കൂമ്പാരമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ ഫ്ലാറ്റുകളിൽനിന്നും വീടുകളിൽനിന്നും കോർപറേഷൻ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്താതെ റോഡരികിൽ തള്ളുകയാണ് ചെയ്യുന്നത്. ഈ മാലിന്യമാകട്ടെ ദിവസങ്ങളായി കോർപറേഷൻ നീക്കം ചെയ്തിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.