തൃശൂർ: കോവിഡ് മഹാമാരിക്കാലത്ത് ചരിത്രം തിരുത്തി ഘടക പൂരങ്ങൾ. കൊമ്പന്മാരുടെ അകമ്പടിയിൽ വാദ്യഘോഷങ്ങളോടെ തട്ടകക്കാരുടെ ആശിർവാദമേറ്റ് ആഘോഷപൂർവം എത്തിയിരുന്ന ഘടക ക്ഷേത്രങ്ങളുടെ പൂരം വരവിന് ഇക്കുറി പൊലിമ കുറഞ്ഞെങ്കിലും പതിവ് തെറ്റിച്ചില്ല. എട്ട് ഘടക ക്ഷേത്രങ്ങളും ഒരാനപുറത്താണ് ഇടവേളയിട്ട് വടക്കുംനാഥനിലെത്തിയത്. ഓരോന്നിനുമൊപ്പം അമ്പതിൽ താഴെ ആളുകൾ. കണിമംഗലം ശാസ്താവിൽ തുടങ്ങി കുറ്റൂർ നെയ്തലക്കാവിൽ ഘടകപൂരം അവസാനിക്കുേമ്പാൾ പുരുഷാരത്തിന് സ്മരണകളുടെ നെടുവീർപ്പ്.
നാഗസ്വര അകമ്പടിയിൽ കുളശ്ശേരി ക്ഷേത്രത്തിലെത്തി ഇറക്കി പൂജകഴിഞ്ഞാണ് വെയിൽ പരക്കും മുേമ്പ കണിമംഗലം ശാസ്താവ് പുലർച്ചെ അഞ്ചോടെ പൂരത്തിന് പുറപ്പെട്ടത്.
ജിതിൻ കല്ലാറ്റിെൻറ മേള പ്രമാണത്തോടെ തെക്കേ ഗോപുര നടയിലൂടെ വടക്കുംനാഥനിലെത്തി ക്ഷേത്ര പ്രദക്ഷിണം നടത്താതെ പടിഞ്ഞാറെ നടയിൽ മേളം കൊട്ടിക്കലാശിച്ച് പുറത്തിറങ്ങി. തുടർന്ന് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി എത്തി. രാവിലെ ആറോടെ പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തിലെത്തി അവിടെനിന്ന് പഴുവിൽ രഘു മാരാരുടെ പാണ്ടിമേളത്തോടെ ശ്രീമൂലസ്ഥാനത്തേക്ക് എത്തി. പടിഞ്ഞാറെ നട വഴി അകത്ത് പ്രവേശിച്ച് ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം തെക്കേ നടയിലൂടെ പുറത്തേക്ക്. രാവിലെ ആറരയോടെ കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ധർമശാസ്താവ് വടക്കുനാഥനിലേക്ക് തിരിച്ചു. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കിഴക്കേഗോപുരം വഴിയാണ് വണങ്ങിയത്.
ചൂരക്കോട്ടുകാവ് ഭഗവതി രാവിലെ 6.30ന് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് ഒമ്പതരയോടെ ശ്രീമൂലസ്ഥാനത്തെത്തി പടിഞ്ഞാറെ ഗോപുരം വഴി അകത്ത് പ്രവേശിച്ച് വടക്കുംനാഥനെ വലംവെച്ച് പതിനൊന്നോടെ നടപ്പാണ്ടി കൊട്ടി പാറമേക്കാവിലെത്തി. അയ്യന്തോൾ കാർത്ത്യായനി ഭഗവതി പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് തെക്കേ ഗോപുര നടവഴിയാണ് വടക്കുംനാഥനിൽനിന്ന് യാത്രയായത്. മൂന്നാനകളോടെയായിരുന്നു ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽനിന്ന് ഇറങ്ങിയത്. പിന്നീട് ഒരാന മാത്രമായി കിഴക്കേ ഗോപുരം വഴി അകത്തുകടന്ന് വടക്കുംനാഥനെ വണങ്ങി. ശേഷം പാറമേക്കാവ് അഭിഷേകിെൻറ നേതൃത്വത്തിൽ തെക്കോട്ടിറങ്ങി മേളം.
രാവിലെ ഏഴിന് ഒരാനപുറത്താണ് ലാലൂർ കാർത്ത്യായനി ഭഗവതി പൂരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. തുടർന്ന് എം.ജി റോഡ് വഴി നടുവിലാലിലൂടെ ശ്രീമൂല സ്ഥാനത്തെത്തി. ശേഷം വടക്കുംനാഥനെ പ്രദക്ഷിണംവെച്ച് തെക്കേ ഗോപുരനട വഴി പുറത്തിറങ്ങി. പൂരത്തിന് അവസാനം എത്തുന്ന ക്ഷേത്രമാണ് കുറ്റൂർ നെയ്തലക്കാവ്. രാവിലെ 8.30ന് ക്ഷേത്രത്തിൽ നിന്നിറങ്ങി പതിനൊന്നോടെ നടുവിലാൽ ഗണപതിക്കോവിലിൽ തിടമ്പ് ഇറക്കിവെച്ചു. തുടർന്ന് വീണ്ടും എഴുന്നള്ളിച്ച് പടിഞ്ഞാറെ നട വഴി വടക്കുംനാഥനെ പ്രദക്ഷിണം നടത്തി തെക്കേ ഗോപുരനട വഴി തിരിച്ചിറങ്ങി.
പൂരത്തിെൻറ പ്രൗഢി കാത്ത് പാറമേക്കാവിെൻറ എഴുന്നള്ളിപ്പ്. തിരുവമ്പാടിയും ഘടക ക്ഷേത്രങ്ങളും ചടങ്ങിലൊതുക്കിയപ്പോൾ പൊലിമയും പ്രൗഢിയും ചോരാതെയായിരുന്നു പാറമേക്കാവ് വിഭാഗത്തിെൻറ എഴുന്നള്ളിപ്പ്. ചെറിയ പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ വിളംബകാലത്തിൽ ചെമ്പടകൊട്ടി മതിൽകത്ത് നിന്ന് പുറത്തേക്ക് കടന്നു.
പന്ത്രണ്ടോടെ പൂരത്തിൽ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിൽ പാറമേക്കാവിെൻറ കൊമ്പൻ ശ്രീപത്മനാഭെൻറ ശിരസ്സിലേറിയാണ് പുറപ്പെട്ടത്. അകമ്പടിയായി 14 ആനകൾ അണിനിരന്നു. ഈസമയം പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കലാകാരന്മാർ അണിനിരന്ന ചെമ്പട മേളം ആവേശം വിതറി. കാണികൾ ഏറെ ഉണ്ടായിരുന്നില്ലെങ്കിലും ആവേശം കളയാതെ പെരുവനം മേടച്ചൂടിനിടയിലും കൊട്ടിക്കയറി.
കോവിഡ് മഹാമാരി കാലത്ത് പുരഷാരം കുറഞ്ഞ കരുതൽ പൂരം. പ്രദക്ഷിണ വഴികളിൽ ഒഴുകിപ്പരക്കുന്ന പുരുഷാരത്തിന് ഇക്കുറി കോവിഡ് വിലങ്ങുതടിയായാപ്പോൾ പൂരാരവം കൊടിമുടി കയറിയില്ല. തിരമാലകൾക്ക് സമാനം ആർത്തലച്ചെത്തുന്ന പുരുഷാരം ഇക്കുറി പൂരത്തിന് അന്യമായിരുന്നു. അതുകൊണ്ട് പൂരം പൂത്തുലയുന്ന ഇലഞ്ഞിത്തറ മേളവും കുടമാറ്റവും മഠത്തിൽവരവുമൊക്കെ ഗംഭീരമായിരുെന്നങ്കിലും സജീവമായില്ല. അന്തരീക്ഷത്തിൽ മുഴങ്ങുന്ന ആർപ്പുവിളുകളും ആരവങ്ങളും ഏറെ കുറവായിരുന്നു. കൈവിരലുകളുടെ മുദ്രണങ്ങളാൽ വാനോളമെത്തുന്ന ആവേശവും എങ്ങും കാണാനായില്ല. സ്ത്രീകൾ നന്നെ കുറവായിരുന്നു.
ആയിരങ്ങള്‍ ഒഴുകിെയത്തുന്ന പൂരത്തിനെ അന്നത്തിനുള്ള വകയാക്കാൻ അന്തർ സംസ്ഥാന കച്ചവടക്കാരും ഇക്കുറിയുണ്ടായില്ല. ഇതിലും രസകരമായ തേക്കിന്‍കാടിന് പുറത്ത് കാല്‍നട വഴിയില്‍ ചുറ്റിനും ഉണ്ടാവാറുള്ള കൈനോട്ടക്കാരുടെ ബഹളവും പൂരരസത്തിന് മങ്ങലേൽപിച്ചു. കോര്‍പറേഷെൻറ അടക്കം സംഭാരവിതരണ കേന്ദ്രങ്ങളും ഉണ്ടായില്ല. സ്വരാജ് റൗണ്ടും ചുറ്റുവട്ടവും അടച്ചുപൂട്ടിയതോടെ വെള്ളവും ഭക്ഷണവും കിട്ടാത്ത സഹചര്യവും ഉണ്ടായി.
വെള്ളിയാഴ്ച പുലർച്ച മുതൽ ശനിയാഴ്ച ഉച്ചക്കു രണ്ടുവരെ പൊതുജനങ്ങൾക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം ഇല്ല. അടിയന്തര ചികിത്സതേടി ആശുപത്രിയിലേക്ക് പോകുന്നവരെയല്ലാതെ കടത്തിവിട്ടില്ല. സ്വരാജ് റൗണ്ടിലേക്കുള്ള 17 വഴികളിലും ഗതാഗതം പൊലീസ് തടഞ്ഞു.
ഭക്തി നിർഭരമായിരുന്നു തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട്. സർവാഭരണവിഭൂഷിതയായിട്ടായിരുന്നു ദേവി മാനാടി കണ്ണെൻറ ശിരസ്സിലേറി മഠത്തിലേക്ക് പുറപ്പെട്ടത്. ഒരാനപ്പുറത്തെ പൂരമായി ചുരുക്കിയതിനാൽ ഇടവും വലവും ആരുമില്ല. കൃഷ്ണെൻറ സുവർണഗോളകയിൽ മയിൽപ്പീലിക്കണ്ണുകൾ വിടർന്നു. പതിറ്റാണ്ടുകളുടെ പ്രൗഢിയിൽ ഇന്ദ്രനീലക്കല്ലുമാലയും ഏഴ് പാളികളുള്ള അവിൽമാലയും മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കോലത്തിലെ പൂക്കൾ സുവർണശോഭയിൽ വെട്ടിത്തിളങ്ങി.
കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ നടപാണ്ടിമേളവുമായി ദേവി പുറത്തേക്കെഴുന്നള്ളുമ്പോൾ എട്ടോടടുത്തിരുന്നു. പൂക്കൾ വർഷിച്ചാണ് ഭഗവതിയെ തട്ടകക്കാർ പൂരത്തിനായി യാത്രയാക്കിയത്. നടപ്പാണ്ടിയുമായി കിഴക്കൂട്ട് അനിയൻ മാരാരും സഹപ്രവർത്തകരും അണിചേർന്നു. നടുവിൽ മഠത്തിലെ ഉപചാരങ്ങൾക്ക് ശേഷം മഠത്തിൽവരവ് തുടങ്ങുമ്പോൾ ഭഗവതിയുടെ കോലമേന്തിയത് തിരുവമ്പാടി ചന്ദ്രശേഖരനായിരുന്നു.
പൂരം ഇത്തവണ തേക്കിൻകാട്ടിലായിരുന്നില്ല. ചാനലുകളിലും സമൂഹമാധ്യമങ്ങളിലുമായിരുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ ചടങ്ങിലൊതുക്കിയ പൂരം പക്ഷേ, പൂരപ്രേമികളും ആസ്വാദകരും വിട്ടില്ല. അവർ വീട്ടിലിരുന്നും, ജോലിക്കിടയിലും തൊട്ടരികിലിരുന്ന് ആസ്വാദിച്ചു. പൂരത്തിരക്കിലമർന്ന് മേളവും കാഴ്ചകളും ആസ്വദിക്കാൻ കഴിയാത്ത വിഷമങ്ങളുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്തിെൻറ ജാഗ്രതയിൽ ഇതെല്ലാം മാറ്റിവെച്ചു.
ജനങ്ങൾ വീടുകളിൽ ഇരുന്നും ടി.വിയിലോ സമൂഹ മാധ്യമങ്ങളിലോ പൂരം കാണണമെന്ന് സംഘാടകരും നിർദേശിച്ചിരുന്നു. പ്രാദേശിക ചാനലുകൾ മുതൽ സാറ്റലൈറ്റ് ചാനലുകൾ വരെയും പൂരം തത്സമയം പ്രദർശിപ്പിച്ചപ്പോൾ, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും വിവിധ ഓൺലൈൻ മാധ്യമങ്ങളും വ്യക്തികളുടെ ഫേസ്ബുക്ക് പേജുകളിലും പൂരച്ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ആളും ആരവവുമില്ലാതെ ചരിത്രത്തിൽ ചേക്കേറിയ കോവിഡ്കാലത്തെ പൂരപ്പെരുമയിൽ കാണിയും കാവലുമായി പൊലീസ്. പുരുഷാരം നിറയുന്ന തേക്കിൻകാട് മൈതാനിയിൽ പൂരനാളിൽ പൊലീസ് മാത്രമായിരുന്നു നിറഞ്ഞത്. ദേവസ്വം ഭാരവാഹികൾ, പൂരം കമ്മിറ്റിക്കാർ, വെടിക്കെട്ട് ജോലിക്കാർ എന്നിവർക്കെല്ലാം പാസ് നൽകിയാണ് പൊലീസ് പ്രവേശിച്ചത്. കഴിഞ്ഞവർഷം എല്ലാം ചടങ്ങായി മാത്രം നടത്തിയ പൂരം സംഘാടകർ ഇത്തവണ ഓരോ ആനയെ വീതം എഴുന്നള്ളിച്ചു. രണ്ടായിരത്തിലധികം പൊലീസുകാരാണ് ഇത്തവണ ഡ്യൂട്ടിക്കായി എത്തിയത്.
ജില്ലക്ക് പുറത്ത് കണ്ണൂർ, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലയിലെ സേനാംഗങ്ങൾ എത്തി. വിവിധ സ്കൂളുകളിലാണ് ഇവർക്ക് താമസമൊരുക്കിയിരുന്നത്. ഒരു പ്രകടനത്തിെൻറ അത്രയും ആളുകൾ ഇല്ലാത്ത സമയത്ത് 2000 പൊലീസുകാരെ വിന്യസിച്ചത് പൊലീസ് പിടിപ്പുകേടാണെന്നും ആരോപണമുയർന്നു. സെപ്ഷൽ ബ്രാഞ്ച് നിർദേശപ്രകാരമാണ് ആളുകളില്ലാത്ത പൂരത്തിനായി ഇത്രയും പൊലീസിനെ വിന്യസിച്ചത്. എല്ലാവഴികളും അടച്ചിട്ടും പൂരപ്പറമ്പിൽ മാത്രം 700 പൊലീസുകാരെ വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.