കുന്നംകുളം: 'എന്തതിശയമേ ദൈവത്തിൻ സ്നേഹം'എന്ന ക്രൈസ്തവ ഗാനത്തിെൻറ ശതാബ്ദിവേളയിൽ ഗാനരചയിതാവിന് നിറംകൊണ്ട് മുഖംനൽകിയ ആർട്ടിസ്റ്റ് സോളമൻ വിടവാങ്ങിയത് നിറക്കൂട്ടില്ലാത്ത ലോകത്തേക്ക്. ചലനശേഷി നഷ്ടപ്പെട്ട് കാലുകൾക്ക് ഊന്നുവടിയുടെ ബലത്തിലാണ് സോളമൻ കാഴ്ചകളും ആളുകളെയും കണ്ടതും നിറങ്ങളാൽ അവക്ക് ജീവൻനൽകിയതും. ഗാനരചയിതാവ് കുന്നംകുളം സ്വദേശി പി.വി. തൊമ്മി ഉപദേശിക്ക് ഇപ്പോഴത്തെ മുഖം നൽകിയത് കാർട്ടൂണിസ്റ്റ് സോളമനായിരുന്നു. നൂറുകണക്കിന് ക്രൈസ്തവ ഗാനങ്ങൾ രചിച്ച തൊമ്മിയുടെ ചിത്രം ഇല്ലാതിരുന്നതോടെ പിൻതലമുറക്കാരുടെ പടങ്ങൾ നോക്കി വരക്കുകയായിരുന്നു.
സാങ്കേതികവിദ്യകൾ ഒന്നുംതന്നെയില്ലാത്ത കാലത്തിലും വ്യത്യസ്തവും ആകർഷകവുമായ പരസ്യകല തലമുറകൾക്ക് പരിചയപ്പെടുത്തിയ പഴയകാലത്തെ പ്രമുഖ കണ്ണിയാണ് സോളമെൻറ വിയോഗത്തിലൂടെ അറ്റുപോകുന്നത്. ആറു വയസ്സുള്ളപ്പോഴാണ് കാലുകൾക്ക് പോളിയോ ബാധിച്ചത്. വൈകല്യത്തെ മറികടന്ന് 14ാം വയസ്സിൽ പിതാവിെൻറ പഴഞ്ഞിയിലുള്ള ഗോൾഡൻ ആർട്സ് എന്ന സ്ഥാപനത്തിൽ വന്നു തുടങ്ങി. 1967ൽ എക്സ്പ്രസ് പത്രത്തിൽ കാർട്ടൂൺ വരച്ചുതുടങ്ങി.
സോളമെൻറ കാർട്ടൂണുകൾ മലയാളത്തിലെ വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിവിധ എക്സിബിഷനുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലും സോളമെൻറ ഛായാചിത്രങ്ങൾ ഇടംനേടി. സ്കൂൾ വിദ്യാഭ്യാസം ലഭിക്കാതിരുന്നതോടെ വീട്ടിലെത്തിയ വി.വി. ഭാസ്കരെൻറ ശിക്ഷണത്തിലാണ് വിദ്യ അഭ്യസിച്ചത്.
13 വർഷം മുമ്പ് 'സോളമെൻറ കാർട്ടൂണുകൾ'എന്ന പുസ്തകം പുറത്തിറക്കി. നടൻ ജഗതി, ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവരുടെ ഛായചിത്രങ്ങൾ വരച്ച് നേരിട്ടുനൽകാനും സോളമന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
പഴഞ്ഞിക്ക് പുറമെ കുന്നംകുളത്തും 35 വർഷത്തിലധികം ഗോൾഡൻ ആർട്സ് എന്ന സ്ഥാപനം പ്രവർത്തിപ്പിച്ചു. 1998ൽ ചുമ്മാർ ചൂണ്ടൽ പുരസ്കാരത്തിനും അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.