ഗുരുവായൂർ: ഔദ്യോഗികമായി അറിയിക്കാതെ നഗരസഭ സ്ഥാപനങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രി അശ്വിനി കുമാർ ചൗബേ സാമാന്യ ജനാധിപത്യ മര്യാദകൾ ലംഘിച്ചതായി ഗുരുവായൂർ നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ്. മന്ത്രി വ്യാഴാഴ്ച നടത്തിയ സന്ദർശനവും വാർത്തസമ്മേളനവും തികച്ചും രാഷ്ട്രീയപ്രേരിത നടപടിയായി മാത്രമേ കാണാനാവൂ എന്നും സംസ്ഥാന നഗരസഭ ചെയർമാൻസ് ചേംബർ അധ്യക്ഷൻ കൂടിയായ കൃഷ്ണദാസ് പറഞ്ഞു.
കേന്ദ്ര മന്ത്രിയെന്ന നിലക്ക് സ്ഥാപനങ്ങളിൽ നടത്തിയ സന്ദർശനം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മാത്രമല്ല, സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെയും കൂട്ടി നഗരസഭ സ്ഥാപനങ്ങളിൽ കയറി നഗരസഭ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇത് കേന്ദ്ര മന്ത്രിയുടെ പദവിക്ക് ചേർന്ന നടപടിയല്ലെന്ന് കൃഷ്ണദാസ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
അമൃത് പദ്ധതിയിൽ നഗരസഭക്ക് അനുവദിച്ച പ്രധാന പദ്ധതികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. അനുമതി ലഭിച്ച തുകയുടെ 70 ശതമാനത്തോളം ചെലവഴിക്കുകയും ചെയ്തു. ശേഷിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലഖ്നോവിൽ നടന്ന ദേശീയ നഗര പ്രദർശനത്തിലേക്ക് കേരളത്തിൽനിന്ന് തെരഞ്ഞടുക്കപ്പെട്ട ഏക നഗരസഭ ഗുരുവായൂരായിരുന്നു എന്നത് മന്ത്രിയും പരിവാരങ്ങളും ഓർക്കണം. പ്രസാദ് പദ്ധതി പ്രകാരം നഗരസഭക്ക് അനുമതി ലഭിച്ച അമിനിറ്റി സെന്ററും ഫെസിലിറ്റേഷൻ സെന്ററും സമയബന്ധിതമായി പൂർത്തിയാക്കി.
സാങ്കേതിക കാരണങ്ങളാലാണ് അത് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ പോയത്. ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചു. പ്രസാദ് പദ്ധതി പ്രകാരം ഗുരുവായൂരിന് 100 കോടിയുടെ പദ്ധതി അനുവദിച്ചുവെന്നും 49 കോടിയുടേത് മാത്രമേ പൂർത്തിയാക്കിയുള്ളൂവെന്നും ബാക്കിയുള്ള തുകക്ക് വിശദ പദ്ധതി രേഖ സമർപ്പിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.