തൃശൂർ: റോഡപകടങ്ങൾ കുറക്കാൻ എ.ഐ കാമറകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങളിലും മരണങ്ങളിലും പേരിന് മാത്രമുള്ള കുറവ് മാത്രമേ വന്നിട്ടുള്ളൂവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപകടങ്ങളിലേറെയും അശ്രദ്ധയും അമിതവേഗവും ഡ്രൈവിങ്ങിലെ അപാകതയുമാണെന്നാണ് പറയുന്നത്. ജീവൻ നഷ്ടമാവുകയും അംഗപരിമിതി സംഭവിക്കുകയും നമ്മൾ മൂലം മറ്റ് ജീവനുകളെടുക്കുന്നതിലേക്കും ഈ അശ്രദ്ധ ഡ്രൈവിങ് കാരണമാകുന്നു.
നിയമനടപടികളിൽ അപകടക്കേസ് അല്ലേ എന്ന് നിസാരമായി കണ്ടിരുന്നത് ഇനി അങ്ങനെ അല്ലെന്നും ജാഗ്രത വേണമെന്നും മോട്ടോർവാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അശ്രദ്ധമൂലം ഉണ്ടാകുന്ന റോഡപകട മരണങ്ങൾക്ക് ഇനി കർശന ശിക്ഷയാണ്. രാജ്യത്ത് നിലവിലിരുന്ന ഇന്ത്യൻ ശിക്ഷാനിയമം പരിഷ്കരിച്ചതോടെയാണിത്. പുതുതായി നിലവിൽവന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം നടക്കുന്ന അപകടത്തിന്റെ കാരണക്കാരായവരുടെ ശിക്ഷ കർശനമാക്കി.
റോഡപകടങ്ങളിൽ മരണമുണ്ടായാൽ കാരണക്കാരായ ഡ്രൈവർമാർക്കുള്ള ശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരം രണ്ട് വർഷം വരെ തടവും പിഴയും ആയിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്.
എന്നാൽ പുതുതായി പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ 106 (ഒന്ന്)വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പരമാവധി അഞ്ച് വർഷം തടവും പിഴയും എന്നതരത്തിലാണ് വർധിപ്പിച്ചത്. കൂടാതെ 106 (രണ്ട്) പ്രകാരം ഇത്തരം അപകടങ്ങൾ നടന്ന് പൊലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതെ കടന്നുകളയുകയും അപകടത്തിൽപെട്ട വ്യക്തി മരിക്കുകയും ചെയ്താൽ കാരണക്കാരനായ ഡ്രൈവർക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കുന്നതാണ് പുതിയ നിയമത്തിൽ ചേർത്തിട്ടുള്ളത്. ശിക്ഷ വർധിപ്പിച്ച് നിയമനടപടികൾ കൂടുതൽ കർക്കശമാക്കുകയും അതുവഴി അപകടനിരക്ക് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുതിയ ഭേദഗതികളിലൂടെ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. നിരത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മോട്ടാർവാഹനവകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.