പീച്ചി: പല പ്രതിസന്ധികളുമായി മല്ലിട്ടാണ് മലയോര കർഷകരുടെ അതിജീവനം. അതിൽ പ്രധാനമാണ് വന്യമൃഗങ്ങളുമായി പോരാട്ടം. പലപ്പോഴും തോൽവി കർഷകർക്കാണ്. വന്യമൃഗ ഭീഷണി നേരിടുന്നതിൽ നിയമം കൽപിക്കുന്ന നിയന്ത്രണങ്ങൾ പലതാണ്. നടപടിയുണ്ടാകുമെന്ന് ഓരോ തവണയും ലഭിക്കുന്ന ഉറപ്പിെൻറ ആയുസ്സ് അടുത്ത ഭീഷണിയോളമാണ്. വിത്തുപാകി നട്ടുനനച്ചതെല്ലാം വന്യമൃഗങ്ങൾ ആഹാരമാക്കുന്നതും ചവിട്ടിമെതിക്കുന്നതും കണ്ടുനിൽക്കേണ്ടി വരുന്ന മലയോര കർഷകെൻറ മാനസികാവസ്ഥ വിവരണാതീതമാണ്, അതിന് ഏതെങ്കിലുമൊരു പ്രദേശമെന്ന വ്യത്യാസവുമില്ല. ജില്ലയിലെ മലയോര കർഷകരെല്ലാം നേരിടുന്ന ഈ പ്രതിസന്ധി തരണം ചെയ്യാൻ പരിഹാരമില്ലാത്ത ശ്രമങ്ങൾ തുടരുകയാണ്.
പാണഞ്ചേരി പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളിൽപെട്ട കിഴക്കന്‍ പ്രദേശങ്ങളായ കൊമ്പഴ, പെരുതുമ്പ, അടുക്കളപ്പാറ, ആനവാരി എന്നിവിടങ്ങളിൽ പുലിയും ആനയും മുള്ളൻപന്നിയും മയിലും മലയണ്ണാനും വിഹരിക്കുകയാണ്. വാഴയും തെങ്ങും പ്ലാവും ആനക്കുള്ളതാണെങ്കിൽ തേങ്ങയും മറ്റ് ഫലങ്ങളും മലയണ്ണാനുള്ളതാണ്. കാട്ടുപന്നിക്ക് താല്പര്യം കിഴങ്ങു വര്‍ഗങ്ങളാണ്, മയിലിനാകട്ടെ മുളകും ചെറു പച്ചക്കറികളും. ഇവയെല്ലാം കർഷകെൻറ അധ്വാനത്തിലാണ് ഭീഷണിയാവുന്നതെങ്കിൽ ജീവനുതന്നെ ഭീഷണിയായി പുലിയുടെ ആക്രമണവും ഇടക്കിടെയുണ്ട്. ഒരുമാസം മുമ്പാണ് മണിയന്‍കിണര്‍ ആദിവാസി കോളനിയിലെ ചന്ദ്രെൻറ പശുവിനെ പുലി കൊന്നത്. അടുക്കളപ്പാറയില്‍ കഴിഞ്ഞ മാസം പല തവണകളിലായി ആനകള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും ജനവാസ കേന്ദ്രങ്ങളിലെക്ക് ഇറങ്ങിയിട്ടുണ്ട്. പുത്തൂര്‍ പഞ്ചായത്തിലെ വല്ലൂര്‍, മരോട്ടിച്ചാല്‍, ചീരക്കുണ്ട്, പഴവെള്ളച്ചാല്, വെള്ളക്കാരിത്തടം എന്നിവിടങ്ങളിലും വന്യമൃഗ ഭീഷണി രൂക്ഷമാണ്.
വന്യമൃഗ ഭീഷണി ഉണ്ടാകുേമ്പാഴെല്ലാം ആദ്യം പറയുന്നത് സൗരോര്‍ജ വേലിയെപ്പറ്റിയാണ്. മാന്ദാമംഗലം ഭാഗത്ത് ഒമ്പത് കിലോമീറ്റര്‍ വേലി സ്ഥാപിച്ചിട്ടുണ്ട്. പീച്ചി മലയോര മേഖലയിലും സൗരോര്‍ജ വേലിയുണ്ട്. ഒരു പരിധിവരെ മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ ഇതുകൊണ്ട് സാധിക്കും. എന്നാല്‍, വേലി സ്ഥാപിച്ച് പോയാൽ പിന്നീട് വേണ്ടത്ര പരിപാലനം ഇല്ലാത്ത പ്രശ്നമുണ്ട്. ക്രമേണ പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവ് കുറയും, വേലിക്ക് മുകളിൽ ഉണക്ക മരങ്ങൾ വീഴുന്നതും മൃഗങ്ങള്‍ക്ക് വേലി മറിക്കടക്കാന്‍ അവസരം സൃഷ്ടിക്കുകയാണ്. മറ്റൊരു പ്രതിവിധി ട്രഞ്ച് കുഴിക്കലാണ്. ജനവാസ മേഖലയോട് ചേര്‍ന്ന് ട്രഞ്ച് കുഴിച്ച് മൃഗങ്ങളെ തടയാന്‍ അങ്ങിങ്ങ് ശ്രമം ഉണ്ടാകുന്നുണ്ട്.
മലയോര മേഖലയിലെ കര്‍ഷകനും പഞ്ചായത്ത് അംഗവുമായിയുന്ന എല്‍ദോസും മറ്റൊരു കര്‍ഷകനായ വിഷ്ണുവും പറയുന്നത് തേനീച്ചകളെ ഉപയോഗിച്ച് വന്യമൃഗ ഭീഷണി തടയാമെന്നാണ്. കഴിഞ്ഞ വര്‍ഷം പാണഞ്ചേരി പഞ്ചായത്തില്‍ നടപ്പാക്കി ഒരു പരിധിവരെ വിജയിപ്പിക്കാന്‍ കഴിഞ്ഞതാണിത്. ജൈവവേലിയായി മലയോര കൃഷി ഇടങ്ങളില്‍ തേനീച്ചകളെ വളര്‍ത്തുകയാണ് പ്രതിവിധി. തേനീച്ചയുടെ ശബ്ദം കേൾക്കുമ്പോൾ അവിടേക്ക് ആനകൾ അടുക്കാറില്ലത്രെ. എന്നാല്‍, ഇതിനും പരിമിതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് പ്രവർത്തികമാക്കിയപ്പോൾ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ വീശുന്ന കാറ്റ് വില്ലനായി. ശക്തിയായി കാറ്റടിക്കുമ്പാൾ ഈച്ചകൾ കൂട്ടിൽനിന്ന് പറന്നുപോകും. പരിഹാരം, കാറ്റ് ബാധിക്കാതിരിക്കാന്‍ കൂടുകൾ നിലത്ത് ഉറപ്പിക്കുന്നതാണ്. പൂക്കളില്ലാത്ത കാലത്ത് ഈച്ചകളെ ആകര്‍ഷിക്കാന്‍ പഞ്ചസാര ലായിനി തളിച്ച് നല്കി ഈച്ചകളെ സംരക്ഷിക്കണം. ചുരുക്കിപ്പറഞ്ഞാൽ നടപ്പാക്കണമെങ്കില്‍ നല്ല പരിചരണം വേണം. വാര്‍ഡ് തലത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് പരിപാലന ചുമതല എല്പിക്കേണ്ടതുണ്ട്.
മൃഗങ്ങൾ കാടിറങ്ങുന്നത് പരിഹരിക്കാൻ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു നിര്‍ദേശമാണ് കാട്ടിലേക്ക് കയറി പ്ലാവും മാവും പോലുള്ള ഫലവൃക്ഷങ്ങള്‍ നടുന്നത്. മൃഗങ്ങൾക്ക് കാട്ടില്‍തന്നെ ഭക്ഷണം ഒരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും ഫോറസ്റ്റ് വാച്ചര്‍മാരുടെയും സഹകരണം കൂടി ലഭിച്ചാല്‍ ഇത് പ്രാവര്‍ത്തികമാക്കാം. ഒപ്പം വനത്തിലെ ജലസ്രോതസ്സുകള്‍ സംഭരണശേഷി കൂട്ടി സംരക്ഷിക്കുകയും വേണം. കഴിഞ്ഞ വര്‍ഷം വല്ലൂര്‍ കുത്തിെൻറ കൈവഴികൾ വൃത്തിയാക്കി മാന്ദാമംഗലത്ത് വനം വകുപ്പ് ഇതിന് തുടക്കം കുറിച്ചിരുന്നു. ഇത് എല്ലാ സ്ഥലത്തും പരീക്ഷിക്കാവുന്നതാണ്.
കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടുമെന്ന് പറയാറുണ്ടെങ്കിലും പകുതിയിലധികം കർഷകർക്കും അനുഭവം മറിച്ചാണ്. പട്ടയം ഇല്ലാത്തതിെൻറ പേരിൽ നഷ്ടപരിഹാരം കിട്ടാത്തവർ അനവധിയാണ്. കാലതാമസവും കുറഞ്ഞ തുകയുമാണ് മറ്റൊരു പ്രശ്നം.
മാന്ദാമംഗലത്ത് കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ച റവന്യൂ മന്ത്രി കെ. രാജൻ ആധുനിക രീതിയിലുള്ള വൈദ്യുതി ലൈനുകൾ സ്ഥാപിക്കുമെന്ന ഉറപ്പാണ് കർഷകർക്ക് നൽകിയത്. 11.5 കിലോമീറ്റർ കിലോമീറ്റര്‍ നീളത്തിലാണ് വേലി സ്ഥാപിക്കുന്നത്. എട്ടര ലക്ഷം രൂപ ചെലവ് വരുന്ന പ്രവൃത്തിക്ക് പണം പാസാക്കി ഉടൻ നിര്‍മാണം തുടങ്ങുമെന്നാണ് മന്ത്രി പറഞ്ഞത്. വാഗ്ദാനങ്ങളോ പാതിവഴിക്ക് നിലക്കുന്ന ആവേശമോ അല്ല, ശാശ്വത പരിഹാരമാണ് മലയോര കർഷകർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.