തൃശൂർ: പൊലീസ് സേനാംഗങ്ങളെ പരിശീലിപ്പിക്കുന്ന തൃശൂർ രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമി കാമ്പസിൽ എത്ര പക്ഷികളുണ്ട്? നാല് വർഷംമുമ്പ് അക്കാദമി വളപ്പിലെ പക്ഷികളുടെ ഫോട്ടോയെടുത്ത് തുടങ്ങിയ കൗതുകം ഇപ്പോൾ വലിയ കാര്യമായി.'പറക്കുന്ന സൗന്ദര്യങ്ങൾ' എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച് മുഖ്യമന്ത്രി പ്രകാശനം ചെയ്ത പുസ്തകം അക്കാദമി വളപ്പിലെ പക്ഷികളെക്കുറിച്ചാണ്.
മലപ്പുറത്ത് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിൽ പൊലീസ് ഫോട്ടോഗ്രഫി ബ്യൂറോയിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ വി.ജി. വിനോദ് ഒരു നാൾ അക്കാദമിയിലെ പക്ഷികളെ കാമറയിൽ പകർത്തിയപ്പോൾ അത് ഇങ്ങനെയൊരു മഹാകാര്യമാകുമെന്ന് കരുതിയില്ല. 348 ഏക്കറിൽ സ്ഥിതി ചെയ്യുന്ന അക്കാദമി വളപ്പിലെ ജൈവ വൈവിധ്യങ്ങൾക്കിടയിലേക്ക് ഊളിയിട്ടപ്പോൾ അപൂർവം ഇനങ്ങളെ വരെ കണ്ടെത്തി. കേരളത്തിൽ മുമ്പ് കാസർകോട്ടുമാത്രം ഒരേയൊരു തവണ കണ്ടെത്തിയ മരുപ്പക്ഷിയായ നെന്മണിക്കുരുവി അന്ന് ആദ്യമായും അവസാനമായും അക്കാദമി വളപ്പിൽ കണ്ടു. 'ഇസബെല്ലീൻ വീറ്റിയർ' എന്ന് ഇംഗ്ലീഷ് നാമവും 'ഒനേന്താ ഇസബെല്ലീന' എന്ന് ശാസ്ത്രനാമവുമുള്ള ഇറാൻ, ഇറാഖ്, സൗദി, സിറിയ, ജോർദാൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഈ ദേശാടനപ്പക്ഷി അക്കാദമിയുടെ സമ്പന്നത വിളിച്ചോതിയ സാന്നിധ്യമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഇ. കുഞ്ഞികൃഷ്ണെൻറ സഹായത്തോടെ അന്നത്തെ അക്കാദമി ഡയറക്ടർ എ.ഡി.ജി.പി ഡോ. ബി. സന്ധ്യയും അക്കാദമി ഗവേഷണ വിഭാഗത്തിലെ സതീഷ് ചന്ദ്രനുമാണ് പക്ഷിയെ തിരിച്ചറിഞ്ഞത്.
പിന്നീട് അന്വേഷണം മുറുകി. കേരളത്തിെൻറ ഭൂപ്രകൃതിയുടെ പരിഛേദമായ അക്കാദമിയിലെ കാടുകളിലും രണ്ട് ജലാശയങ്ങളോടു ചേർന്ന വൃക്ഷങ്ങളിലും ഔഷധസസ്യ തോട്ടത്തിലും എന്നു വേണ്ട ആളനക്കമില്ലാത്തപ്പോൾ പരേഡ് മൈതാനത്തും ഫയറിങ് റേഞ്ചിലും വരെ ദേശാടനപ്പക്ഷികൾ ചേക്കേറുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഒരു തവണ മാത്രം വന്ന ഇസബെല്ലീന മുതൽ എല്ലാ വർഷവും കൃത്യസമയത്ത് വരുന്ന പക്ഷികളെ വരെ തിരിച്ചറിഞ്ഞു. തലേന്ന് വൈകീട്ട് അക്കാദമിയിലെത്തി പിറ്റേന്ന് പുലർച്ച നാലിനും അഞ്ചിനും പക്ഷികളെത്തേടി ഇറങ്ങുന്നത് വിനോദ് പതിവാക്കി. ഇങ്ങനെ കിട്ടുന്ന ചിത്രങ്ങൾ വെച്ച് പക്ഷികളെപ്പറ്റിയുള്ള വിവരങ്ങൾ ഇൻറർനെറ്റിലും വിദഗ്ധരോട് ആരാഞ്ഞും ക്രോഡീകരിക്കുന്നതിൽ സതീഷ് ചന്ദ്രനും ഡോ. ജയേഷ് ജോസഫും ഉത്സാഹം കാണിച്ചതോടെ വിഷയം ഡോ. ബി. സന്ധ്യയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതൊരു പുസ്തകമാക്കാം എന്ന് നിർദേശം വെച്ചത് ഡോ. സന്ധ്യയാണ്.
ശല്യമില്ലാതെ തമ്പടിക്കാൻ കഴിയുന്ന അക്കാദമി വളപ്പ് ദേശാടനപ്പക്ഷികളുടെ ഇഷ്ട ഇടമാണിപ്പോൾ. ഔഷധ സസ്യോദ്യാനവും ശലഭോദ്യാനവും ദേശാടനപ്പക്ഷികൾക്ക് ഭക്ഷണത്തിന് വക നൽകുന്ന ഇടമാക്കാൻ വിപുലീകരിക്കുകയാണ് അക്കാദമി. പുസ്തകത്തിൽ ഉൾപ്പെടുത്തി 100 പക്ഷികൾക്ക് പുറമെ പുതിയ അഞ്ചിനം പക്ഷികളെക്കൂടി വിനോദ് പകർത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്, അതിെൻറ ഫലവും അടുത്ത പുസ്തകമായി പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.