തൃശൂർ: അജൈവമാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ കേരള കമ്പനി ജനുവരി മുതൽ നവംബർ വരെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് നീക്കം ചെയ്തത് 1914 ടൺ അജൈവമാലിന്യം. 568.266 ടൺ തരംതിരിച്ച പ്ലാസ്റ്റിക്, 89.935 ടൺ ചില്ല് മാലിന്യം, 21.40 ടൺ ഇ-വേസ്റ്റ്, 1234.467 ടൺ നിഷ്ക്രിയമാലിന്യം എന്നിവ ജില്ലയിലെ വിവിധ ഇടങ്ങളിൽനിന്ന് നീക്കി. മാലിന്യം ക്ലീൻ കേരള കമ്പനിക്ക് നൽകിയതിലൂടെ ഹരിതകർമ സേന 46,54,758 രൂപ നേട്ടമുണ്ടാക്കി.
കൂടുതൽ മാലിന്യം തരംതിരിക്കൽ നടക്കുന്നത് തൃശൂർ കോർപറേഷനിലാണ്. തദ്ദേശസ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ച് കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് ക്ലീൻ കേരള കമ്പനി അജൈവമാലിന്യശേഖരണം നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങളിലെ ഖരമാലിന്യ ശേഖരണത്തിന്റെ ഭാഗമായി റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പറവട്ടാനി ഫോറസ്റ്റ് ഓഫിസിൽ മാലിന്യസംഭരണ കേന്ദ്രങ്ങൾ (എം.സി.എഫ്) സ്ഥാപിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. തൃശൂർ സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളജ്, രാമവർമപുരം പൊലീസ് അക്കാദമി, കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ എം.സി.എഫ് നിർമാണം അവസാനഘട്ടത്തിലാണ്. ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ കൈപ്പറമ്പ് പഞ്ചായത്തിൽ സംസ്ഥാനത്തെ ആദ്യ ജില്ല റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) നിർമാണം ഈ മാസത്തോടെ പൂർത്തീകരിക്കുമെന്ന് ക്ലീൻ കേരള മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ്കുമാർ പറഞ്ഞു.
ഇതോടെ ജില്ലയിലെ മാലിന്യശേഖരണം, സംസ്കരണം, കൈയൊഴിയൽ എന്നിവ വേഗത്തിലാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബറിൽ ഹസാർഡസ് മാലിന്യം ശേഖരിക്കാനായി ഹരിത കർമസേനക്ക് തദ്ദേശതലത്തിൽ നിർദേശം നൽകിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.